ഈ സൂറത്തിന് അല്‍ബഖറ എന്ന് പേര് ലഭിക്കാന്‍ കാരണമായ സംഭവത്തെക്കുറിച്ചാണല്ലോ നമ്മള് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇസ്റാഈലുകാരില് പെട്ട ഒരു സമ്പന്നനെ അയാളുടെ അവകാശി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ സമ്പാദ്യം വേഗം സ്വന്തമാക്കാന്‍ വേണ്ടിയാണ് വധിച്ചത്. എന്നിട്ട് കൊലക്കുറ്റം മറ്റുള്ളവരുടെ മേല്‍ ചാര്‍ത്തി. ആകെ പ്രശ്നമായി. യഥാര്‍ത്ഥ ഘാതകനെ അറിഞ്ഞേതീരൂ എന്നായി ജനങ്ങള്‍.
പരാതി മൂസാ നബി عليه السلامഅടുത്തേക്കെത്തി. അല്ലാഹുവിന്റെ കല്പന പ്രകാരം പശുവിനെ അറുക്കാനായിരുന്നു മൂസാ നബി ആവരോട് നിര്‍ദ്ദേശിച്ചത്. ആ പശുവിന്റെ ഒരു ഭാഗമെടുത്ത് മരിച്ചയാളെ തൊട്ടാല്‍ സ്വന്തം ഘാതകനെ വിളിച്ചുപറയുമെന്ന് മൂസാ നബി عليه السلام ഉറപ്പുകൊടുത്തു.
കേട്ടവര്‍ക്ക് പരിഹാസവും ദേഷ്യവും. അവര്‍ക്ക് മൂസാ നബി عليه السلام യെ ഇകഴ്ത്തിക്കാട്ടണം, പരഹിസക്കണം, എങ്ങനെയെങ്കിലും പശുവിനെ അറുക്കാതെ ഒഴിഞ്ഞുമാറണം. അതിനുവേണ്ടി കുറെ ചോദ്യങ്ങള്‍ ഉന്നയിച്ചു.
പശുവിനെ അറുക്കാനുള്ള ഈ കല്പന, സത്യത്തില്‍ അവര്‍ക്ക് പിടിച്ചിരുന്നില്ല. അവരുടെ മനസ്സ് അതിന് പാകപ്പെട്ടിരുന്നില്ല. പശുവാരാധനയോട് ചെറിയൊരു സോഫ്റ്റ് കോര്‍ണര്‍ അവര്‍ക്കുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ നമ്മള്. സത്യത്തില്‍ ആ ഒരു നിലപാടില്‍ നിന്ന് അവര്‍ പാടെ മുക്തരാകാനാണ് അല്ലാഹു ഇങ്ങനെ പശുവിനെത്തന്നെ അറുക്കാന്‍ പറഞ്ഞത്. പശു കേവലം സൃഷ്ടി മാത്രമാണ്. അതിനെ വണങ്ങുകയോ ആരാധിക്കുകയോ അത്തരം ചിന്തകള്‍ പോലുമോ ഒരിക്കലും പാടില്ലാത്തതാണ്.
ഏതായാലും അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കിട്ടി. ഓരോ മറുപടിയും കാര്യം കൂടുതല്‍ സങ്കീര്‍ണമാക്കുകയും അവരെ കുഴക്കുകയുമാണ് ചെയ്തത്. പശുവിന്റെ നിറവും പ്രായവും അഴകും ആകാരവുമാണ് അവര്‍ ചോദിച്ചത്. ഓരോ ചോദ്യത്തിനും പ്രയാസകരമായ നിബന്ധനകള്‍ മറുപടിയായി അല്ലാഹു അവരുടെ മുമ്പില്‍ വെക്കുകയും ചെയ്തു.
അവര്‍ക്ക് ആകെ കണ്ഫ്യൂഷനായതുകൊണ്ട് പശുവിനെക്കുറിച്ച് ഒന്നുകൂടി വിശദീകരിക്കാന്‍ ആവശ്യപ്പെടുന്നതാണ് അടുത്ത ആയത്തിലുള്ളത്.
قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَنَا مَا هِيَ إِنَّ الْبَقَرَ تَشَابَهَ عَلَيْنَا وَإِنَّا إِنْ شَاءَ اللَّهُ لَمُهْتَدُونَ (70)
അവര്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കണം. അത് ഏത് (തരം) പശുവായിരിക്കുമെന്ന് (ഒന്നുകൂടി) അവന് ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ. നിശ്ചയം പശുക്കളെ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നിരിക്കുകയാണ്. ഇന്‍ശാഅല്ലാഹ്, ഞങ്ങള്‍ അതിനെ കണ്ടെത്തുക തന്നെ ചെയ്യും.
قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَا ذَلُولٌ تُثِيرُ الْأَرْضَ وَلَا تَسْقِي الْحَرْثَ مُسَلَّمَةٌ لَا شِيَةَ فِيهَا قَالُوا الْآنَ جِئْتَ بِالْحَقِّ فَذَبَحُوهَا وَمَا كَادُوا يَفْعَلُونَ (71)
മൂസാ നബി പ്രതികരിച്ചു: ‘നിശ്ചയം അല്ലാഹു പറയുന്നതിതാണ്-അത് ഭൂമി ഉഴുതാനോ കൃഷി നനക്കാനോ ഉപയോഗിക്കപ്പെടാത്തതായിരിക്കണം. യാതൊരു കേടുപാടും കലകളുമില്ലാത്തതായിരിക്കണം.’ അവര്‍ പറഞ്ഞു: ‘ഇപ്പോഴാണ് താങ്കള്‍ ശരിയായ വിവരം തന്നുകഴിഞ്ഞത്.’ അങ്ങനെ അവരാ പശുവിനെ അറുത്തു. അക്കൂട്ടര്‍ അത് ചെയ്യുമാറായിരുന്നില്ല. (എങ്കിലും, അവസാനം ചെയ്യുകതന്നെ ചെയ്തു)
ذَلُولٌ – വിധേയമായത് (ശീലിച്ചത്, ഉപയോഗിച്ചത്).
تُثِيرُ – ഉഴുതുന്ന,
مُسَلَّمَةٌ- സുരക്ഷിതമായത്.
لَّا شِيَةَ – (നിറത്തിന്റെ) യാതൊരു കലര്‍പ്പുമില്ലാത്ത, കലകളില്ലാത്ത.
شِيَة (ج) شِيَاتٌ – العلامة (كل ما خالف اللون في جميع الجسد أو في الدواب)
ഓരോ ചോദ്യവും വരുമ്പോള്‍ മൂസാ (عليه السلام) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കും. മറുപടി കിട്ടും. ഒന്നാമതായി കിട്ടിയ മറുപടി എന്തായിരുന്നു:
لَا فَارِضٌ وَلَا بِكْرٌ عَوَانٌ بَيْنَ ذَلِكَ
വളരെ പ്രായമുള്ളതും, നന്നേ പ്രായം കുറഞ്ഞതുമല്ലാത്ത മദ്ധ്യനിലയിലുള്ള ഒരു പശുവായാല്‍ മതി.
ഇത്തരം പശുക്കള്‍ സുലഭമല്ലേ. വീണ്ടും ചോദിക്കാതെ, പറഞ്ഞത് ചെയ്യാന്‍ മൂസാ നബി عليه السلام അവരെ ഉപദേശിച്ചു. അവര്‍ കേട്ടില്ല.
നിറം എന്താണെന്നായി അടുത്ത ചോദ്യം.
قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَنَا مَا لَوْنُهَا قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ صَفْرَاءُ فَاقِعٌ لَوْنُهَا تَسُرُّ النَّاظِرِينَ (69)
തനിമഞ്ഞ വര്‍ണമുള്ളതും കാഴ്ചക്ക് കൗതുകമുള്ളതുമാവണം എന്നായിരുന്നു മറുപടി. ഇത്തരം പശുവിനെ കിട്ടാന്‍ കുറച്ചുകൂടി മെനക്കേടുണ്ടാകുമല്ലോ.
പക്ഷേ, ചോദ്യം അതോടെ തീര്‍ന്നില്ല. ഇത്തരത്തിലുള്ള പശുക്കള്‍ പലതുമുള്ളതുകൊണ്ട് ഞങ്ങള്‍ കണ്‍ഫ്യൂഷനിലാണ്, ഒന്നുകൂടി വ്യക്തമാക്കണം എന്നായി. അതാണിവിടെ 70 ആം ആയത്തില്‍ ചോദിച്ചത്. മറുപടി കിട്ടിയത് ഇങ്ങനെ:
إِنَّهَا بَقَرَةٌ لَا ذَلُولٌ تُثِيرُ الْأَرْضَ وَلَا تَسْقِي الْحَرْثَ مُسَلَّمَةٌ لَا شِيَةَ فِيهَا
‘ഭൂമി ഉഴുതുന്നതിനോ കൃഷി നനക്കുന്നതിനോ ഉപയോഗിക്കാത്ത പശുവായിരിക്കണം. ഒരുതരം ന്യൂനതയോ കലകളോ ഇല്ലാത്തതായിരിക്കണം.’
ഇത്രയുമായപ്പോഴേക്കും അവര്‍ക്ക് കുറച്ചൊക്കെ ബോധം വന്നിരുന്നു. അറുക്കേണ്ട പശുവിനെ തിരിച്ചറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ഇന്‍ശാ അല്ലാഹ്, ഞങ്ങളത് കണ്ടെത്തും എന്നീ വാക്കുകള്‍ സൂചിപ്പിക്കുന്നത് അതാണ്.
ഏതായാലും അവസാനത്തെ ഈ ഉത്തരത്തോടുകൂടി ചോദ്യം അവസാനിക്കുകയാണ്. പശുവിനെക്കുറിച്ച് വേണ്ടത്ര വിവരണം കിട്ടിക്കഴിഞ്ഞുവെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. قَالُوا الْآنَ جِئْتَ بِالْحَقِّ
നിലംഉഴുതുക, വെള്ളം തേവുക പോലെയുള്ള ജോലികള്‍ക്ക് ഉപയോഗിക്കാത്ത, മറ്റു വര്‍ണങ്ങളുടെ കലര്‍പ്പും കലയുമില്ലാത്ത, അംഗഭംഗം, മുടന്ത് പോലെയുള്ള പോരായ്മകള്‍ ഇല്ലാത്ത പശുവായിരിക്കണം.
അവസാനം നോക്കുമ്പോള്‍, ഈ പശു, മുമ്പ് സാമിരി സ്വര്‍ണം കൊണ്ടുണ്ടാക്കിയ പശുവിന്റെ അതേ പോലെയുള്ള ഒന്നാണ്. കണ്ടാല്‍ നല്ല ചൊറുക്കുള്ള, എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയൊരു പശു. പൂജയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന സ്വര്‍ണനിറമുള്ള പശുവിനെ പോലെയുള്ള ഒന്ന്.
ഇനിയിപ്പോ ഈ പറഞ്ഞതെല്ലാം ഒത്തിണങ്ങിയൊരു പശുവിനെ കണ്ടുകിട്ടണമല്ലോ. തിരഞ്ഞുനടന്നു അവര്‍. അവസാനം കിട്ടി. അറുത്തു. സ്വഭാവികമായും വലിയ വിലയും കൊടുക്കേണ്ടിവന്നു.
ഇതിനോട് ചേര്‍ത്ത് മറ്റൊരു സംഭവം കൂടി മനസ്സിലാക്കണം. ഇസ്റാഈല്‍ ദേശത്ത് പാവപ്പെട്ട സാത്വികനായ ഒരാളുണ്ടായിരുന്നുവത്രെ. ഭാര്യയും ഒരു മകനുമാണ് അയാള്‍ക്കുള്ളത്. ഹലാല്‍ മാത്രമേ കുടിക്കൂ, ഉടുക്കൂ, കൊടുക്കൂ. സൂക്ഷ്മജീവിതത്തിനു പേരുകേട്ട അദ്ദേഹം മരിക്കുമ്പോള്‍ ഒരു പശുവാണ് സമ്പാദ്യമായുണ്ടായിരുന്നത്. മകനാണെങ്കില്‍ വലുതായിട്ടില്ല. പശുവിനെ ആരെ ഏല്പിക്കുമെന്ന കാര്യത്തില്‍ ആശങ്കയായി.
ഏതായാലും, കൂടുതലൊന്നും ആലോചിക്കാതെ, അല്ലാഹുവില്‍ ഭരമേല്പിച്ച് മേയാന്‍ വിട്ടു. പ്രായം തികഞ്ഞപ്പോള്‍ ഉമ്മ മകനോട് ഈ കാര്യം പറഞ്ഞു. മേച്ചില്പുറത്തെത്തി മകന് ദുആ ചെയ്തു. അല്ലാഹുവിനെ ഏല്പിച്ച ആ അമാനത്ത് അവന് തിരിച്ചുനല്‍കി.
മൂസാനബിعليه السلام പറഞ്ഞതുപോലെയുള്ള നിബന്ധനയൊത്ത പശുവിനെ തിരഞ്ഞുവന്നവര്‍ എത്തിയത് ഇവിടെയാണ്. പ്രായവും നിറവും രൂപവും എല്ലാം അപ്പറഞ്ഞ അതേപോലെത്തന്നെ. മറ്റൊന്നും ആലോചിക്കാതെ, ഒരു പശുത്തോല് നിറയെ സ്വര്‍ണനാണയം വിലയായി കൊടുത്ത് അവര്‍ ആ പശുവിനെ സ്വന്തമാക്കി.
മുമ്പ് പറഞ്ഞ പോലെ, കാര്യങ്ങളെല്ലാം നടന്നു. പശുവിനെ അറുത്തു. അതിന്റെയൊരു ഭാഗം കൊണ്ട് മൃതദേഹത്തിന്മേല് തൊട്ടു. അയാള്‍ പുനര്‍ജനിച്ച് തന്നെ കൊന്ന രണ്ടുപേരെ പറഞ്ഞുകൊടുക്കുകയും വീണ്ടും മരിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞ പോലെ, സമ്പന്നനായ അയാളുടെ സ്വത്ത് കൈക്കലാക്കാന്‍ പിതൃവ്യന്റെ രണ്ട് മക്കളാണ് ഈ നിഷ്ഠുരകൃത്യം ചെയ്തിരുന്നത്.
അനുസരണക്കേടും അനാവശ്യമായ ചോദ്യങ്ങളുമാണ് അവരെ ഇത്രയും പ്രയാസങ്ങളിലേക്കെത്തിച്ചത്. ഇതുതന്നെയാണ് അവര്‍ക്ക് നാശം വരുത്തിവെച്ചതും. തിരുനബി (صلى الله عليه وسلم) പറയുന്നു: ‘നിങ്ങളുടെ മുന്‍ഗാമികളെ നശിപ്പിച്ചത്, ചോദ്യങ്ങളുടെ ആധിക്യവും പ്രവാചകന്മാരുമായി അവര്‍ ഭിന്നിച്ചതുമാണ്.’
അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് സ്വയം പ്രായസങ്ങള്‍ വരുത്തിവെക്കരുതെന്ന് അല്ലാഹു പറഞ്ഞത് ശ്രദ്ധേയമാണ്:
يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا ۗ وَاللَّهُ غَفُورٌ حَلِيمٌ (101) قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُوا بِهَا كَافِرِينَ (102) (المائدة )
‘സത്യവിശ്വാസികളേ, ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യരുത്. അവ നിങ്ങള്‍ക്ക് വെളിപ്പെടുത്തുന്ന പക്ഷം, നിങ്ങളെ അത് അസ്വസ്ഥരാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അവയെക്കുറിച്ച് നിങ്ങള്‍ ചോദിക്കുന്ന പക്ഷം അവ നിങ്ങള്‍ക്ക് വെളിപ്പെടുത്തപ്പെടും. അല്ലാഹു അവ വിട്ടുവീഴ്ച ചെയ്തുതന്നിരിക്കുകയാണ്. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും സഹനശീലനുമാണ്. നിങ്ങളുടെ മുമ്പുള്ള ഒരു ജനത അതെക്കുറിച്ച്-അത്തരം സംഗതികളെക്കുറിച്ച്-ചോദിക്കുകയും, പിന്നീട് അവര്‍ തന്നെ അതു മൂലം അവിശ്വാസികളായിത്തീരുകയുമാണ് ചെയ്തത്’ (അല്‍മാഇദ 101, 102).
ഏതു കാര്യത്തെക്കുറിച്ചും ആരോടും ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് കൂടുതല്‍ സങ്കീര്‍ണതകള്‍ വരുത്തിവെക്കരുതെന്നാണ് ഇവിടെ നിന്ന് പഠിക്കേണ്ട പാഠം.
കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കരുതെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. അനാവശ്യ ചോദ്യങ്ങള്‍ പാടില്ല എന്നാണ് പറഞ്ഞത്. ചെയ്യാതിരിക്കാന്‍ വല്ല പഴുതുമുണ്ടോ എന്ന ചിന്ത മനസ്സില്‍ വെച്ച്, അനാവശ്യ ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിക്കുന്നത് വലിയ അപകടമാണ് വരുത്തിവെക്കുക.
ഇങ്ങനെ മുമ്പുതന്നെ പ്രവാചകന്മാരോട് അനാദരവും അനുസരണക്കേടും കാണിക്കുകയും അനാവശ്യമായ ചോദ്യങ്ങള്‍ ചെയ്ത് ബുദ്ധിമുട്ടിക്കുകയും ചെയ്ത യഹൂദികള്‍, നബി (صلى الله عليه وسلم) യുടെ നുബുവ്വത്തിനെ എതിര്‍ക്കുകയും അവിടത്തേക്കെതിരെ പല കുതന്ത്രങ്ങളും പ്രയോഗിച്ചതിലും അത്ഭുതപ്പെടാനില്ല എന്ന വസ്തുതയും ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം.
അടുത്ത ആയത്ത്-72
ഇനി, ഇങ്ങനെ ഒരു പശുവിനെ അറുക്കുവാന്‍ കല്പിച്ചതെന്തിനാണ്, അതിലെ ഗുണപാഠം എന്താണെന്നൊന്നെക്കയാണ് പറയുന്നത്.
وَإِذْ قَتَلْتُمْ نَفْسًا فَادَّارَأْتُمْ فِيهَا وَاللَّهُ مُخْرِجٌ مَا كُنْتُمْ تَكْتُمُونَ (72)
നിങ്ങള്‍ ഒരാളെ കൊല്ലുകയും എന്നിട്ട് അതില്‍ പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക). നിങ്ങള്‍ മറച്ചുവെക്കുന്നത് അല്ലാഹു പുറത്തുകൊണ്ടുവരുന്നവനാണ്.
فَادَّارَأْتُمْ – എന്നിട്ട് നിങ്ങള്‍ പരസ്പരം ഒഴിഞ്ഞുമാറി, അന്യോന്യം ആരോപണം നടത്തി.
പശുവിനെ അറുക്കാന്‍ പറഞ്ഞ ചരിത്രസംഭവത്തിന്റെ ആദ്യഭാഗമാണിതെന്നാണ് ആദ്യകാല മുഫസ്സിറുകളെല്ലാം പറയുന്നത്. സാധാരണ ചരിത്രകാരന്മാരുടെ അവതരണരീതിയിലല്ല ഖുര്‍ആന്‍ ചരിത്ര സംഭവങ്ങള്‍ വിവരിക്കുന്നത്. ചരിത്രസംഭവങ്ങളുടെ സൂചനകള്‍ നല്കി അതുവഴി ജനങ്ങള്‍ക്ക് ഗുണപാഠങ്ങള്‍ നല്‍കുക എന്നതാണ് ഖുര്‍ആനിന്റെ രീതി. അല്ലാതെ, സംഭവങ്ങള്‍ ക്രമമായി, വഴിക്കുവഴിയായി വിവരിക്കുക എന്നതല്ല. ജനങ്ങള്‍ക്ക് നല്ല വഴി കാണിച്ചുകൊടുക്കുകയാണല്ലോ ഖുര്‍ആനിന്റെ ധര്‍മം. അതിനിപ്പോള്‍ വഴിക്കുവഴി രീതി സ്വീകരിക്കേണ്ടതില്ലല്ലോ.
പിന്നെ എന്തിനാണിങ്ങനെ 2 എണ്ണമാക്കി പറഞ്ഞത്, രണ്ടും ഒന്നുതന്നെയല്ലേ? സംഭവം ഒന്നാണെങ്കിലും, രണ്ട് ഗുണപാഠങ്ങള്‍ നല്‍കാനാണ് രണ്ട് നിലയില്‍ വിവരിച്ചത്. പശുവിനെ അറുക്കാന്‍ പറഞ്ഞതില്‍ നിന്ന്, അതായത് അവര്‍ ചോദ്യം ചോദിച്ച സംഭവത്തില്‍ നിന്ന്, അവരുടെ അനുസരണമില്ലായ്മ, ധിക്കാരമനോഭാവം, കൃത്യനിര്‍വഹണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം, അനാവശ്യമായ ചോദ്യങ്ങള്‍ തുടങ്ങിയ ചീത്ത സ്വഭാവങ്ങളാണ് മനസ്സിലാക്കാന്‍ കഴിയുക.
ഇവിടെ 72 ആം ആയത്തിലൂടെ അല്ലാഹു വെളിപ്പെടുത്തുന്നത് എന്താണ്: അവരുടെ അതിക്രമങ്ങള്‍, കൊല, അത് മറച്ചുവെക്കാനുള്ള വാസന, നിരപരാധികളുടെ മേല്‍ കൊലക്കുറ്റം ആരോപിക്കുവാനുള്ള വെമ്പല്‍ തുടങ്ങിയവയാണ്.
കേള്‍വിക്കാരുടെ മനസ്സ് പെട്ടെന്ന് ആകര്‍ഷിക്കുന്നൊരു ശൈലിയാണ് അല്ലാഹു ഇവിടെ സ്വീകരിച്ചത്. കൊലപാതകമാണിവിടത്തെ പ്രധാനപ്രമേയം. അത് പറയുമ്പോള്‍, ഒരു പശുവിനെ അറുക്കാന്‍ അല്ലാഹു കല്പിക്കുന്നു എന്ന് പറഞ്ഞ് കഥാവിവരണം ആരംഭിക്കുകയാണ്. പിന്നീടുണ്ടാകുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയാനുള്ള ആകാംക്ഷ ഇത് കേള്ക്കുന്നവര്ക്കുണ്ടാകുമല്ലോ. അങ്ങനെ, ഇനിപറയുന്ന ഓരോന്നും അവരുടെ മനസ്സില്‍ ശരിയായി സ്ഥലം പിടിക്കാന്‍ അത് സഹായകമാവുകയും ചെയ്യും.
അടുത്ത ആയത്ത്-73
فَقُلْنَا اضْرِبُوهُ بِبَعْضِهَا كَذَلِكَ يُحْيِي اللَّهُ الْمَوْتَى وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ (73)
അങ്ങനെ ആ പശുവിന്റെ ഭാഗം കൊണ്ട് മയ്യിത്തിനെ അടിക്കുക എന്ന് നാം കല്പിച്ചു. മരിച്ചവരെ അല്ലാഹു ഇപ്രകാരം ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാനായി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യുന്നു.
ആരാണ് കൊല്ലപ്പെട്ടതെന്നിവിടെ പറഞ്ഞിട്ടില്ല. ഒരാള്‍ കൊല്ലപ്പെട്ടു എന്നേ പറഞ്ഞുള്ളൂ. കഥ വിവരിക്കലല്ലല്ലോ ഉദ്ദേശ്യം. ഗുണപാഠം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അതൊന്നും അറിയേണ്ടതുമില്ല.
പശുവിന്റെ ഏത് ഭാഗം കൊണ്ടാണ് അടിച്ചതെന്നും പറഞ്ഞിട്ടില്ല. പശുവിന്റെ വാലുകൊണ്ടാണെന്നും തലകൊണ്ടാണെന്നും തുടയുടെ ഭാഗം കൊണ്ടാണെന്നുമൊക്കെ വിവിധ അഭിപ്രായങ്ങളുണ്ട്.
പശുവിന്റെ ഒരു ഭാഗംകൊണ്ട് കൊല്ലപ്പെട്ടവനെ അടിച്ചു എന്നും അങ്ങനെ അയാള്‍ പുനര്‍ജനിച്ചു എന്നും ഘാതകര്‍ ഇന്നവരാണെന്ന് പറഞ്ഞു എന്നും ആയത്തുകളില്‍ വ്യക്തമായി പറഞ്ഞിട്ടില്ല. പക്ഷേ, മുമ്പും പിമ്പുമുള്ള വാക്യങ്ങളില്‍ നിന്ന് അത് വളരെ വ്യക്തമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഈ ശൈലി പലയിടത്തും കാണാം. മുമ്പും പിമ്പുമുള്ള ആയത്തുകളില്‍ നിന്ന് വ്യക്തമായി അറിയാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ വേറെ പ്രത്യേകം പറയാറില്ല. മനസ്സിലാകുന്നവര്‍ക്ക് അതുമതിയല്ലോ.
ഇവിടെ മദീനയിലുള്ള ജൂതന്മാരെ അഭിസംബോധന ചെയ്താണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്. എന്താണ് കാരണം? ഇത്തരം ദൃഷ്ടാന്തങ്ങളൊക്കെ മനസ്സിലാക്കിയിട്ട് പിന്നെയും ദുര്‍മാര്‍ഗത്തിന്റെ പാരമ്പര്യം പുലര്‍ത്തിപ്പോരുന്ന മദീനയിലുണ്ടായിരുന്ന ഇസ്രാഈല്യരെ, അല്ലെങ്കില്‍ ഇന്ന് നിലവിലുള്ള ഇസ്രാഈല്യരെ താക്കീത് ചെയ്യുകയാണുദ്ദേശ്യം. അവരെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുക കൂടിയാണ് ചെയ്യുന്നത്.
ഇസ്റാഈല്യര്‍ക്കിടയില്‍ നടന്ന ഒരു സംഭവം, അതുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ മഹത്തായ കഴിവ് വിളിച്ചോതുന്ന, മരണാനന്തര ജീവിതമുണ്ടെന്നതിനൊരു ദൃഷ്ടാന്തമായി മനസ്സിലാക്കാവുന്ന മഹത്തായൊരു സംഭവമായിട്ടാണ് ഇതിവിടെ അല്ലാഹു ഉദ്ധരിക്കുന്നത്. 73-ആം ആയത്തിലെ അവസാനത്തെ രണ്ടു വാക്യങ്ങള്‍ വ്യക്തമാക്കുന്നതും അതാണ്:
كَذَلِكَ يُحْيِي اللَّهُ الْمَوْتَى وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ
മരണപ്പെട്ടവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു എന്ന് ബനൂഇസ്റാഈലുകാര്‍ നേരില്‍ കണ്ട് മനസ്സിലാക്കി. ഇനിയെങ്കിലുമവര്‍ മുത്തഖീങ്ങളായി ജീവിക്കാന്‍ ശ്രമിക്കുമല്ലോ.
അടുത്ത ആയത്ത്-74
ഇങ്ങനെ, കണ്ണുകൊണ്ട് കണ്ട് മനസ്സിലാക്കാന്‍ കഴിയുന്ന തെളിവുകളാണ് ബനൂ ഇസ്റാഈലുകാര്‍ക്ക് അല്ലാഹു നല്‍കിയിരുന്നത്. എന്നിട്ടും അവരില്‍ മാറ്റം വന്നില്ല എന്നാണ് ഇനി അടുത്ത ആയത്തുകളില്‍ പറയുന്നത്.
ثُمَّ قَسَتْ قُلُوبُكُمْ مِنْ بَعْدِ ذَلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً
പിന്നീട്, അതിനുശേഷവും നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവ പാറ പോലെയോ അതിനേക്കാള്‍ കടുത്തതോ ആണ്.
وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ
നിശ്ചയം (പാറ)ക്കല്ലുകളില്‍ തന്നെയുണ്ട്, അരുവികള്‍ പൊട്ടി ഒഴുകുന്നവ. അവയില്‍ തന്നെയുണ്ട്, പൊട്ടിപ്പിളര്‍ന്ന് അതിലൂടെ വെള്ളം പുറത്ത് വരുന്നവ.
وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ (74)
അല്ലാഹുവിനോടുള്ള ഭയം കൊണ്ട് താഴോട്ട് ഉരുണ്ടുവീഴുന്നവയും അവയില്‍തന്നെയുണ്ട്. നിങ്ങളുടെ ചെയ്തികളെക്കുറിച്ച് അല്ലാഹു ഒട്ടുമേ അശ്രദ്ധനല്ല.
ഒന്നിനു പിറകെ മറ്റൊന്നായി നിരവധി ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടും ഇസ്രാഈല്യരുടെ മനസ്സിന് മാറ്റം വന്നില്ല.
കഴിഞ്ഞ കുറെ ആയത്തുകളില്‍ കണ്ട എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയും, അത്യത്ഭുതങ്ങളായ ദൃഷ്ടാന്തങ്ങള്‍ കാണുകയും ചെയ്തിട്ട് പിന്നെയും അവര്‍ക്ക് മാറ്റം വരാത്തതിനോടുള്ള പ്രതിഷേധമാണ് ഈ ആയത്തിലുള്ളത്.
ഇത്രയൊക്കെയായിട്ടും നിങ്ങള്‍ക്ക് മാനസാന്തരം വരാതിരിക്കാന്‍ മാത്രം നിങ്ങളുടെ ഹൃദയങ്ങള്‍ പാറക്കല്ലുപോലെ ഉറച്ചു കടുത്തുപോയിരിക്കയാണ്.
ثُمَّ قَسَتْ قُلُوبُكُمْ مِنْ بَعْدِ ذَلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً
ഉപദേശങ്ങളും താക്കീതുകളുമൊന്നും ഉള്ളിലേക്ക് കടക്കുന്നില്ല. സത്യത്തക്കുറിച്ചും സന്മാര്‍ഗത്തെക്കുറിച്ചും ചിന്തിക്കുന്നുമില്ല. നിരന്തരം ചെയ്യുന്ന ദുഷ്കര്‍മങ്ങള്‍ കാരണം ഹൃദയങ്ങള്‍ കടുത്ത് പാറ പോലെ ഉറച്ചുപോയി. ചിലരുടെ ഹൃദയങ്ങള്‍ പാറകളെക്കാള്‍ കടുപ്പം കൂടി. സത്യം സ്വീകരിക്കുന്ന കാര്യത്തില്‍ യാതൊരു താല്പര്യവും അവര്‍ക്കില്ലായിരുന്നു.
فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً
പാറക്കല്ലുപോലെ എന്നു പറഞ്ഞാല്‍പോരാ, അതിനെക്കാള്‍ കടുത്തതാണ് എന്നു പറയേണ്ടിയിരിക്കുന്നു. കാരണം പാറക്കല്ലുകളില്‍ പോലും കുറെയൊക്കെ ചലനവും ഇളക്കവും അയവും ഉണ്ടാകാറുണ്ട്.
وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ
ചില പാറക്കല്ലുകളുടെ ഉള്ളില്‍ നിന്ന് നീരുറവകളും അരുവികളും ഒഴുകാറുണ്ട്. ചിലത് പൊട്ടിപ്പിളര്‍ന്ന് വെള്ളം പുറത്ത് വരാറുണ്ട്. വേറെ ചിലത് മുകളില്‍ നിന്ന് താഴോട്ട് വീഴാറുണ്ട്. وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ
നിങ്ങളുടെ ഹൃദയങ്ങളാകട്ടെ, ഒരു തരത്തിലുള്ള മാറ്റവും സംഭവിക്കാതെ തികച്ചും അനക്കമില്ലാതായിരിക്കുകയാണ്, മഹാ കഷ്ടം!
وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം: നിങ്ങള്‍ ചെയ്യുന്നതൊന്നും അല്ലാഹു അറിയാതെയോ കാണാതെയോ പോകുന്നില്ല. തക്ക പ്രതിഫലം അനുഭവിക്കേണ്ടിവരും.
പാറക്കല്ലുകളില്‍ നിന്ന് അരുവികളും ഉറവകളും ഒഴുകാറുണ്ട്. വെള്ളം പുറത്തുവരാറുണ്ട്. വലിയ പാറകള്‍ സ്ഥാനങ്ങളില്‍ നിന്ന് നീങ്ങി, ഉരുണ്ടുമറിയാറുണ്ട് – ഇതെല്ലാം നമുക്ക് അറിയുന്ന കാര്യങ്ങളാണ്.
പക്ഷേ, അല്ലാഹുവിനെ പേടിച്ചതുകൊണ്ട് (وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ കീഴ്പോട്ട് വീഴുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണ്? പാറക്കല്ലുകള്‍ക്ക് ബുദ്ധിയില്ലല്ലോ.
ഇതിന് പല മറുപടികളുമുണ്ട്. ഖുര്‍ആനില്‍ തന്നെ ഇതിന് മറുപടിയുണ്ട്. അല്ലാഹു പറയുന്നു:
تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ (إسراء 44) الإسراء
‘ഏഴ് ആകാശങ്ങളും, ഭൂമിയും അവയിലുള്ളവരും അവന് തസ്ബീഹ് ചൊല്ലുന്നു. ഒരു വസ്തുവും അവനെ സ്തുതിച്ച് തസ്ബീഹ് നടത്താതെയില്ല. അവരുടെ തസ്ബീഹ് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നുമാത്രം.’ (ഇസ്റാഉ് :44)
ഓരോ വസ്തുവിനും തസ്ബീഹുണ്ട്. ഒരു നിലക്കല്ലെങ്കില് മറ്റൊരു നിലക്ക് അല്ലാഹുവിന് ഇബാദത്ത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പാറക്കല്ലുകളുടെ തസ്ബീഹ്, ഭയം എങ്ങനെയാണ്, ഏത് രൂപത്തിലാണ് എന്നൊന്നും നമുക്കറിഞ്ഞുകൂടാ. നമുക്കറിയാന്‍ കഴിയില്ല എന്ന് റബ്ബ് തന്നെ പറഞ്ഞത് കണ്ടില്ലേ- وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ
ഏതായാലും وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ എന്നത്, കേവലം ഒരു ആലങ്കാരിക പ്രയോഗമല്ല. അങ്ങനെ ചിലരൊക്കെ പറയാറുണ്ട്.
അടുത്ത ആയത്ത്-75
ഇങ്ങന ഹൃദയങ്ങള്‍ പാറക്കല്ലുകളെപ്പോലെ കടുത്തുമരവിച്ച യഹൂദികള്‍, നിങ്ങള്‍ പറയുന്നത് സ്വീകരിച്ച് സത്യവിശ്വാസികളായിത്തീരുമെന്ന പ്രതീക്ഷ വേണ്ടെന്ന് അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുകയാണ്.
أَفَتَطْمَعُونَ أَنْ يُؤْمِنُوا لَكُمْ وَقَدْ كَانَ فَرِيقٌ مِنْهُمْ يَسْمَعُونَ كَلَامَ اللَّهِ ثُمَّ يُحَرِّفُونَهُ مِنْ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ (75)
(സത്യവിശ്വാസികളേ), അക്കൂട്ടര്‍ (വേദക്കാര്‍) നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങള്‍ പ്രത്യാശിക്കുന്നുണ്ടോ? നിശ്ചയം അവരില്‍ ഒരു സംഘമാളുകള്‍ അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും, പിന്നെ അത് നന്നായി ഗ്രഹിച്ച ശേഷം (ബുദ്ധികൊടുത്ത് മനസ്സിലാക്കിയ ശേഷം), അറിഞ്ഞുകൊണ്ടുതന്നെ, അതില്‍ ഭേദഗതി വരുത്തുകയും ചെയ്യുക പതിവായിരുന്നു.
ഈ ആയത്തിറങ്ങിത് അന്‍സ്വാരികളുടെ കാര്യത്തിലാണെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നുണ്ട്. അവര്‍ക്ക് പണ്ടേ ജൂതരുമായി സുഹൃദ്ബന്ധമുണ്ടായിരുന്നു. തമ്മതമ്മില്‍ അയല്പക്ക ബന്ധവും മുലകുടി ബന്ധവുമുണ്ടായിരുന്നു.
ഇതുകൊണ്ടൊക്കെത്തന്നെ, എങ്ങനെയെങ്കിലും അവരൊന്ന് മുസ്ലിംകളാകണമെന്ന് അന്‍സ്വാറുകള്‍ സ്വാഭാവികമായും ആശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതവതരിച്ചത് (അല്‍ബഹ്റുല്‍ മുഹീഥ് 1:271).
കുടില മനസ്കരായ, ദുര്മാര്ഗത്തിനു പിന്നാലെ മാത്രം പോകുന്ന ഇവര്‍ എങ്ങനെ മുസ്ലിംകളാകാനാണ്? അവരുടെ മാത്സര്യമനോഭാവവും ധിക്കാരവും പ്രവാചകരോടുള്ള കുതര്ക്കങ്ങളും അനുസരണക്കേടുമൊക്കെ പലതും കഴിഞ്ഞ ആയത്തുകളില്‍ വിവരിച്ചല്ലോ.
ഇത്രമാത്രം ദുര്‍മാര്‍ഗത്തിന്റെ പടുകുഴിയില്‍ നിപതിച്ചുപോയ ഈ വിഭാഗം സത്യം സ്വീകരിച്ചേക്കും എന്ന കാര്യത്തില്‍ തീരെ പ്രതീക്ഷ വേണ്ട. ഇതിന് ന്യായമന്നോണം, അവരുടെതന്നെ മറ്റു പല ധിക്കാര നടപടികളും കപട സ്വഭാവങ്ങളും കൂടി പറയുന്നുണ്ട്, ഈ ആയത്തിലും അടുത്ത ആയത്തിലും.
وَقَدْ كَانَ فَرِيقٌ مِنْهُمْ يَسْمَعُونَ كَلَامَ اللَّهِ ثُمَّ يُحَرِّفُونَهُ مِنْ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ
അന്ത്യപ്രവാചകരായ തിരുനബി (صلى الله عليه وسلم) യുടെ ആഗമനത്തെക്കുറിച്ച് ധാരാളം പ്രവചനങ്ങള്‍ യഹൂദികളുടെ വേദഗ്രന്ഥത്തിലുണ്ടായിരുന്നു. സത്യത്തില്‍, ആ ആഗമനം പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു അവര്‍.
ഈ പ്രവാചകനെപ്പറ്റിയും അവിടത്തെ ഗുണഗണങ്ങളെപ്പറ്റിയും തൗറാത്തില്‍ നിന്നും മറ്റുമായി അവര്‍ മനസ്സിലാക്കിയിരുന്നു. ദീനിന്റെ ശരിയായ തത്വങ്ങളും നിയമങ്ങളും ഏറെക്കുറെ അവര്‍ക്കറിയുകയും ചെയ്യും. അതെല്ലാം അറബികളോട് അവര്‍ പലപ്പോഴും തുറന്നുപറയുകയും ചെയ്തിരുന്നു.
ഈ കാരണങ്ങള്‍ കൊണ്ടൊക്കെത്തന്നെ, തിരുനബി (صلى الله عليه وسلم) നിയുക്തരായപ്പോള്‍ അവര്‍ വിശ്വസിക്കുമെന്ന് തിരുനബി (صلى الله عليه وسلم) യും സത്യവിശ്വാസികളും സ്വാഭാവികമായും ആശിച്ചിരുന്നു.
പക്ഷേ, സംഭവിച്ചത് തിരിച്ചാണ് – തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രവാചകനായി നിയുക്തരായപ്പോള്‍ വിശ്വസിച്ചില്ലെന്നുമാത്രമല്ല, അസൂയയും ശത്രുതയും വെച്ചുപുലര്ത്തുകയാണവര് ചെയ്തത്. അവരുടെ ഈയൊരു സമീപനം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മനസ്സിന് വേദനയുണ്ടാക്കി. അവരെ ആശ്വസിപ്പിക്കുകയാണിവിടെ അല്ലാഹു ചെയ്യുന്നത്.
എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത്: ഈ വിരോധാഭാസം അവര്‍ക്ക് പുത്തരിയല്ല. വേദവാക്യങ്ങളും ദൈവിക ഉപദേശങ്ങളും ശരിക്കും കേട്ടു മനസ്സിലാക്കി, പിന്നെയും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കു വേണ്ടി അത് ദുര്‍വ്യാഖ്യാനം ചെയ്യലും മാറ്റിമറിക്കലും അവരുടെ മുമ്പേയുള്ള പതിവാണ്. അതുകൊണ്ട് ആ ഒരു പതിവുരീതി മാറ്റിവെച്ച് സത്യം സ്വീകരിക്കുവാന്‍ ഇപ്പോള്‍ അവര്‍ മുന്നോട്ട് വരുമെന്ന് കരുതേണ്ടതില്ല.
ജൂതരുടെ കൂട്ടത്തിലെ പുരോഹിതന്മാര്, വേദവാക്യങ്ങള്‍ മനഃപൂര്‍വം മാറ്റിമറിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തുപോന്നിരുന്നതുകൊണ്ട്, മറ്റു യഹൂദികള്‍ക്കു തന്നെ പൊതുവെ സത്യം മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ വിശ്വസിക്കുമെന്ന് ആശിക്കേണ്ടതില്ലെന്നും, വിശ്വസിക്കാത്തതില്‍ സങ്കടപ്പെടേണ്ടതില്ലെന്നും ഉണര്‍ത്തുകയാണ്.
അറിവുള്ളവര്‍ മനപ്പൂര്‍വ്വം ജനങ്ങളെ വഴിതെറ്റിച്ചാല്‍, അറിവില്ലാത്തവര്‍ക്ക് നേര്‍വഴി കാണാന്‍ പ്രയാസമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അവരെ മാത്രം പറയേണ്ട, നമ്മുടെ സ മുദായത്തില്‍ ഇന്നുമുണ്ട് ഇത്തരക്കാര്‍. സ്വന്തം താല്പര്യങ്ങള്ക്കു വേണ്ടി ദീനിനെ വില്ക്കുന്നവര്. സമുദായത്തെ വഴി തെറ്റിക്കുന്നവര്‍. ഈ ആയത്തുകളൊക്കെ അത്തരക്കാര്‍ ചെവിതുറന്ന് കേള്‍ക്കട്ടെ.
അടുത്ത ആയത്ത്-76
അവര്‍ വിശ്വസിക്കുമെന്ന പ്രതീക്ഷ തീരെ വേണ്ട എന്നതിന് കാരണമായി അവരുടെ മറ്റൊരു സ്വഭാവം കൂടി പറയുകയാണിനി-കപട സ്വഭാവം.
മുസ്ലിംകളെ കാണുമ്പോള്‍, ഞങ്ങളും സത്യവിശ്വാസം സ്വീകരിച്ചവരാണെന്ന് അഭിനയിക്കും. ചിലപ്പോള്‍, നബി صلى الله عليه وسلم യെ സംബന്ധിച്ച ചില സത്യങ്ങള്‍ മുസ്ലിംകളോട് തുറന്നു പറയുകയും ചെയ്യും. ഞങ്ങള്‍ക്ക് ഇസ്ലാമില്‍ വിശ്വാസമുണ്ടെന്നും മുഹമ്മദ് നബി صلى الله عليه وسلم പൂര്‍വവേദങ്ങളില്‍ പ്രവചിക്കപ്പെട്ട നബി തന്നെയാണെന്നും പറയും.
അവിടംവിട്ട് സ്വന്തം ഖൌമിന്റെ അടുത്ത് ചെല്ലുമ്പോള്‍, ഇവരെ അവിടെയുള്ളവര്‍ കുറ്റപ്പെടുത്തും. പൂര്‍വവേദങ്ങളില്‍ വന്ന വിഷയങ്ങള്‍ മുസ്ലിംകളോട് തുറന്നുപറഞ്ഞതിനെക്കുറിച്ച് ആക്ഷേപിക്കും.
അതായത്, ബൈബിളില്‍ നബി (صلى الله عليه وسلم) യെക്കുറിച്ചും അവിടത്തെ സത്യസന്ധതയെക്കുറിച്ചും പ്രവചനമുണ്ടല്ലോ. അവരിലെ ചില ശുദ്ധഗതിക്കാര്‍ മുസ്ലിംകളെ കാണുമ്പോള്‍ ഇക്കാര്യം സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യും. ഇതിനെയാണ് അവര്‍ ഒരുമിച്ചകൂടുന്ന സമയത്ത്, പരസ്പരം കുറ്റപ്പെടുത്തുന്നത്:
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്ന ഈ രഹസ്യങ്ങള്‍, നിങ്ങളവര്‍ക്ക് വിവരിച്ചുകൊടുക്കുന്നുവോ? അതിന്റെ അനന്തരഫലമെന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആ കാര്യങ്ങള്‍ വെച്ച് നാളെ അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ നിങ്ങളോട് ന്യായം പറഞ്ഞ് നിങ്ങളെ കുറ്റക്കാരാക്കില്ലേ? നിങ്ങള്‍ക്കെതിരെത്തന്നെ സാക്ഷി പറയില്ലേ? ഇതൊന്നും നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? – ഇങ്ങനെയൊക്കെ സ്വകാര്യമായി അവര്‍ പരസ്പരം ഗുണദോഷിക്കും.
وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَا بَعْضُهُمْ إِلَى بَعْضٍ قَالُوا أَتُحَدِّثُونَهُمْ بِمَا فَتَحَ اللَّهُ عَلَيْكُمْ لِيُحَاجُّوكُمْ بِهِ عِنْدَ رَبِّكُمْ أَفَلَا تَعْقِلُونَ (76)
സത്യവിശ്വാസികളെ കണ്ടുമുട്ടിയാല്‍, ഞങ്ങളും വിശ്വസിച്ചിരിക്കുന്നു എന്ന് അവര്‍ തട്ടിവിടും. എന്നാല്‍ അവരില്‍ ചിലര്‍ മറ്റു ചിലരുമായി തനിച്ചാകുമ്പോള്‍ (അവരൊറ്റക്ക് പരസ്പരം കണ്ടുമുട്ടിയാല്‍) അവര്‍ ഇങ്ങനെ പറയും: അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്ന വിഷയങ്ങള്‍ അവരോട് (മുസ്ലിംകളോട്) നിങ്ങള്‍ പറയുകയാണോ, (അതുമായി) നിങ്ങളുടെ രക്ഷിതാവിന്റെ മുന്നില്‍ വെച്ച് നിങ്ങള്‍ക്കെതിരില്‍ അവര്‍ തെളിവ് നല്കാന് (വാദിച്ച് ജയിക്കാന്‍). നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
ഇങ്ങനെ, ഉള്ളത് ഉള്ളതുപോലെ മുസ്ലിംകളോടിവര് തുറന്നു പറയുന്നത് കുടിലഹൃദയരായ ജൂതന്മാര്ക്ക് സഹിക്കാന്‍ കഴിയില്ല. വടി കൊടുത്ത് അടി വാങ്ങുന്ന പണിയല്ലേ ഇത്? എന്താ നിങ്ങളLD മനസ്സിലാക്കാത്തത് എന്നാണവര്‍ ചോദിക്കുന്നത്.
അടുത്ത ആയത്തില്‍ അല്ലാഹു പറയുന്നത് ശ്രദ്ധേയമാണ് – അതായത് അവരുടെ ഈ ഗുണദോഷിക്കലൊക്കെ കണ്ടാല്‍ തോന്നും, അവരുടെ രഹസ്യങ്ങളും ഗൂഢപ്രവര്ത്തനങ്ങളുമൊന്നും അല്ലാഹു അറിയുന്നില്ലെന്ന് –
أَوَلَا يَعْلَمُونَ أَنَّ اللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ (77)
അവരുടെ രഹസ്യപരസ്യങ്ങളൊക്കെ അല്ലാഹു അറിയുന്നുണ്ടെന്ന വസ്തുത അവര്‍ക്കറിഞ്ഞുകൂടേ?!
———————————–
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ