കേരളീയ മുസ്ലിംകൾക്കിടയിൽ വ്യവസ്ഥാപിത വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് തിരികൊളുത്തിയത് മഖ്ദൂമുമാരാണെന്നത് അവിതർക്കിത വിഷയമാണ്. എന്നാൽ അവരുടെ പൂർവകാലം ഇരുളടഞ്ഞതായിരുന്നുവെന്ന് ചിലരെങ്കിലും പറയാറുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവും നിരാകരിക്കുന്ന ഈ വാദം തീര്ത്തും അബദ്ധമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ മഅ്ബർ (കായൽപട്ടിണം) ല്നിന്ന് മലബാർ തീരത്തേക്കുള്ള മഖ്ദൂമുമാരുടെ കടന്നുവരവോടു കൂടിയാണ് ഇസ്ലാമിക വിജ്ഞാനശാഖകളുടെ പുതിയ കേന്ദ്രങ്ങൾക്ക് അസ്ഥിവാരമിടുന്നത്. കൊച്ചി, പൊന്നാനി ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ഖാളിമാർ മഖ്ദൂമികളായി മാറി. മലബാറിന്റെ വടക്കേ അറ്റത്ത് നിലകൊള്ളുന്ന മംഗലാപുരത്ത് 1400 കളിലെ ഖാളി മഅ്ബർ പ്രദേശക്കാരനായി അറിയപ്പെടുന്നു. (ബദ്രുദ്ദിൻ അൽ മഅ്ബരി). മലബാറിന്റെ തീര പ്രദേശത്ത് വിജ്ഞാന വിസ്ഫോടനം തീർത്ത മഖ്ദൂമുകൾക്ക് മുമ്പുള്ള വൈജ്ഞാനിക ചരിത്രം വിശകലനം ചെയ്യുകയാണിവിടെ.
പൂർവകാലം മുതൽ അറബികളുമായി നിലനിന്ന കച്ചവട ബന്ധം കാരണം, കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ ആഗമന സാധ്യത വളരെ കൂടുതലായിരുന്നു. രാഷ്ട്രീയ താൽപ്പര്യത്തിന്റെ പ്രേരണയില്ലാതെ തന്നെ ഹി. 22 ഓടെ കേരളത്തിൽ ഇസ്ലാം പ്രചരിച്ചു. അധികാര ശക്തിയുടെ പിൻബലമില്ലാതെ തന്നെ ഇസ്ലാം വിഭാവനം ചെയ്യുന്ന സഹോദര്യത്തിൻന്റെയും ചേർത്തുപിടിക്കലിന്റെയും ഉത്തമ ധാർമ്മിക സന്ദേശം ജനങ്ങൾകിടയിൽ വർധിത പ്രചാരണത്തിന് കാരണമാക്കി. മാലികുബ്നു ദീനാറും സംഘവും മത പ്രചാരണാർത്ഥം കേരളക്കരയിലിറങ്ങിയ വർഷം ഇന്നും ആധികാരിക രേഖകളുടെ അഭാവം മൂലം ക്ലിപ്തമല്ലാത്തതിനാൽ ചരിത്ര പണ്ഡിതർക്കിടയിൽ പല വിഭാഗങ്ങളാണ്.
ഹിജ്റ ഒന്നാം നൂറ്റാണ്ടിന് ശേഷമാണ് സംഘം കേരളത്തിലെത്തിയെന്ന് കരുതുന്നവർ പോലും കേരളീയ ഇസ്ലാമിന്റെ തുടക്കം പ്രവാചക കാലത്തുതന്നെയാണെന്ന സാധ്യതയെ തള്ളിക്കളയുന്നില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അറബ് മലബാർ കച്ചവടബന്ധമാണ് മുഖ്യ കാരണമെന്ന് ചരിത്രകാരെല്ലാം ഐക്യകണ്ഠേന അംഗീകരിക്കുന്നു. (തുടക്കം കച്ചവട മാർഗ്ഗമായിരുന്നെന്നും ശേഷം മാലിക് ബ്നു ദീനാർ സംഘം വന്നതോടെ പ്രബോധനം വ്യവസ്ഥാപിതമായെന്നുമാണ് വസ്തുത). കാരണം കേരളത്തിലെ പള്ളികളും ദീനി സ്ഥാപനങ്ങളും ഖാളി സമ്പ്രദായവുമല്ലാം നാന്ദി കുറിക്കുന്നത് അവരുടെ ആഗമനത്തിന് ശേഷമാണ്. മലബാറിലെ പ്രധാന അഴിമുഖപ്രദേശങ്ങളിലെല്ലാം പള്ളി സ്ഥാപിച്ച് ദീനി പ്രബോധകാരായും ഖാളികളായും സ്വയം സമർപ്പിതരായവർ സേവനമനുഷ്ടിച്ചു.
മാലികുബ്നു ഹബീബിന്റെ പൗത്രൻ എഴുതിയതെന്ന് കരുതപ്പെടുന്ന താരിഖു ളുഹൂരില് ഇസ്ലാം അനുസരിച്ച്, മാലികുബ്നു ഹബീബിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട പള്ളികളുടെ കാലഘട്ടം ഹിജ്റ വർഷം 21-22 ന് ഇടയിലാണ്. ഉമറുബ്നുസുഹ്റവർദിയുടെ അഭിപ്രായപ്രകാരം ചേരമാൻ പെരുമാൾ മക്കയിലേക്ക് പുറപ്പെട്ട വർഷം ഹിജ്റ 82 ആണ്. തുഹ്ഫതുൽ മുജാഹിദീനിൽ മാലിക് ദീനാറും കൂട്ടരും വന്ന വർഷം ഹിജ്റ രണ്ടാം നൂറ്റാണ്ടെന്നു (CE822) സൈനുദ്ധീന് മഖ്ദൂം രേഖപ്പെടുത്തുന്നു.
മാലിക് ദീനാർ സംഘം സ്ഥാപിച്ച പള്ളികൾ: 1. കൊടുങ്ങല്ലൂർ 2. കൊല്ലം 3. മാടായി ഏഴിമല 4. ബർക്കൂർ 5. മംഗലാപുരം 6. കാസർഗോഡ് 7.ശ്രീകണ്ഠപുരം 8. ധർമ്മടം 9. ചാലിയം 10. പന്തലായിനി (തുഹ്ഫത്തുൽ മുജാഹിദീനിൽ രേഖപെടുത്തിയവ)
മാലികുബ്നുദീനാർ(റ)ന്റെ കൂടെ വന്നവർ (അദ്ദേഹത്തിന്റെ കുടുംബത്തിൽ പെട്ടവർ): 1.ഹബീബ് ഇബ്നു മാലിക് 2. മുഹമ്മദ് ഇബ്നു മാലിക് 3. അലി ഇബ്നു മാലിക് 4. ഹുസൈൻ ഇബ്നു മാലിക് 5. തഖിയുദ്ദിൻ ഇബ്നു മാലിക് 6.അബ്ദുറഹ്മാൻ ഇബ്നു മാലിക് 7. ഇബ്രാഹിം ഇബ്നു മാലിക് 8. മൂസ ഇബ്നു മാലിക് 9. ഉമർ ഇബ്നു മാലിക് 10. ഹുസൈൻ ഇബ്നു മാലിക്. അഞ്ചു സ്ത്രീകളും സംഘത്തിൽ ചേർന്നിരുന്നു. 1. ഫാത്തിമ 2. ആയിഷ 3. സൈനബ് 4. താഹിറ 5. ഹലീമ.
പൂർവ കാല ഇസ്ലാമിക മേഖലകൾ
കേരളീയ ചരിത്രം 8-15 നൂറ്റാണ്ടുകൾക്കിടയിലും അതിനു ശേഷവും എന്നിങ്ങനെ കാലംതിരിക്കുന്നത് മലബാർ മാന്വൽ പോലെയുള്ള മിക്ക ഗ്രന്ഥങ്ങളിലും കാണാം. കേരളത്തിലെ ഇസ്ലാമിന്റെ സുപ്രധാന കാലം കൂടിയായതിനാൽ ഈ കാലംതിരിക്കൽ ചരിത്രപഠനത്തിന് അത്യാവശ്യമാണ്. ഈ കാലഗണനാടിസ്ഥാനത്തിൽ കേരള ചരിത്രത്തിൽ നിലനിൽക്കുന്ന പല ഐതിഹ്യങ്ങളും ഇസ്ലാം / മുസ്ലിംകളുമായി ബന്ധപ്പെടുന്നു. ചേരമാൻ പെരുമാൾ സാമ്രാജ്യം മക്കൾക്ക് വകവെച്ചുകൊടുക്കുന്നത് മത പരിവർത്തനത്തിനായി മക്ക ലക്ഷ്യമാക്കി പോയപ്പോഴാണെന്നാണ് മുസ്ലിം ആഖ്യാനം. ഇത് ഏഴാം നൂറ്റാണ്ടിലാണെന്നതാണ് പ്രബലം. കോഴിക്കോട് അങ്ങാടിയുടെ ആരംഭത്തെക്കുറിച്ചുള്ള രണ്ട് ഐതിഹ്യങ്ങളും ഇസ്ലാമികമാണ്. പൂർവതീരദേശക്കാരനായ “ചെട്ടി”യെന്ന മുസ്ലിം വ്യാപാരിയുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. മറ്റൊന്ന്, മുസ്കത്ത് പട്ടണത്തിലെ മുഹമ്മദെന്ന വ്യാപാരിയുടെ മൂത്തമകൻ വിദേശരാജ്യങ്ങളിലൂടെ കപ്പൽ പര്യവേഷണം നടത്തുകയും അദ്ദേഹത്തിന്റെ “അച്ചാറിൻ കുപ്പിയിലെ സ്വർണം” കൊണ്ടുള്ള പരീക്ഷണത്തിൽ സാമൂതിരിയുടെ സത്യസന്ധത മനസ്സിലാക്കിയതുമായി ബന്ധപ്പെട്ടാണ്. സാമൂതിരിയുടെ സമ്മതം വാങ്ങി കോഴിക്കോട് കേന്ദ്രീകരിച്ചു കച്ചവടം നടത്തിയ അദ്ദേഹം കോഴിക്കോട് കോയ (മുസ്ലിം പുരോഹിതൻ) എന്നപേരിൽ അറിയപ്പെട്ടു തുടങ്ങി. വള്ളുവനാട് കീഴടക്കി അവിടത്തെ മാമാങ്കത്തിലെ രക്ഷാപുരുഷനായി സാമൂതിരിയെ അവരോധിക്കുന്നതും കോഴിക്കോട് കോയയാണ്. എഡി 825ന് ശേഷമായിരുന്നു ഇതിന്റെ കാലഘട്ടമെന്ന് വില്യം ലോഗൻ കുറിക്കുന്നു. ഒമ്പത് – പത്ത് നൂറ്റാണ്ടുകൾക്കിടയിൽ സമൂതിരിക്കായി പൊന്നാനിയിൽ മുസ്ലിം പടയോട്ടം നടന്നതായി വില്യം അഭിപ്രായപ്പെടുന്നുണ്ട്.
എട്ടാം നൂറ്റാണ്ടു മുതൽ കേരളം ചേര വംശത്തിന്റെയും അറക്കൽ വംശത്തിന്റെയും സാമൂതിരിമാരുടെയും അധീനതയിലായിരുന്നു. മുസ്ലിംകളുടെ പൂർവപിതാക്കളുടെ മഹിമയും സമുദായിക ഒത്തൊരുമയും കൊണ്ട് രാഷ്ട്രീയയിടങ്ങളിലെ മുസ്ലിം സാന്നിധ്യം ഇക്കാലയളവിലെ രാജാക്കന്മാര്ക്ക് അനിവാര്യമായിരുന്നു. പടയോട്ടങ്ങളിലുള്ള മുസ്ലിംകളുടെ നൈപുണ്യവും നേതൃപാടവവും ഭരണാധികാരികളുടെ അകമഴിഞ്ഞ വിശ്വാസ്യത നിലനിർത്താൻ തുണയായി. മലബാറിലെ ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫതുൽ മുജാഹിദീനിൽ അക്കാലത്ത് മുസ്ലിംകൾ തുടർന്നിരുന്ന ആചാരാനുഷ്ടാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുണ്ട്. മുസ്ലിംകള്ക്കും അമുസ്ലിംകൾക്കും ഇടയിൽ നില നിന്നിരുന്ന സാമൂഹ്യ സാംസ്കാരിക ബന്ധവും ഗ്രന്ഥത്തിന്റെ പ്രതിപാദ്യ വിഷയമാണ്. കേരളീയ മുസ്ലിംകളുടെ ഇത്തരത്തിലുള്ള രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിനപ്പുറം ഇസ്ലാമികവും വൈജ്ഞാനികവുമായ ചർച്ചയുടെ സാധ്യത ഇന്നും രേഖകളെതൊട്ട് വിദൂരത്താണ്.
മഖ്ദൂമികളുടെ പൂർവകാല പണ്ഡിതർ ഇബ്നുബതൂത്തയുടെ സഞ്ചാരത്തിലൂടെയാണ് അനാവൃതമാവുന്നത്. തുടർന്നുള്ള കാലങ്ങളിൽ ഖാളികളും പണ്ഡിതരും ചരിത്ര രേഖകളിലൂടെ സുപരിചിതരാവുന്നു. എന്നാൽ, ഇബ്നുബാത്തൂതക്ക് മുമ്പും മുസ്ലിംകൾ സാമൂതിരിയുടെ അനുമതിയോടെ കോഴിക്കോട് ഖാളിമാരെ നിശ്ചയിച്ചിരുന്നു. അവർക്ക് രാജകൊട്ടാരത്തിൽ പ്രത്യേക സ്ഥാനമാനങ്ങളും ശമ്പളവും ഏർപ്പെടുത്തിയിരുന്നു. ഇങ്ങനെ പതിമൂന്നാം നൂറ്റാണ്ടിന് മുമ്പ് നാൽപതോളം പേർ ചാലിയം ആസ്ഥാനമാക്കി ഖാളിമാരായിട്ടുണ്ടെന്ന് പി പി മുഹമ്മദ്കോയ കോഴിക്കോട്ടെ മുസ്ലിം ചരിത്രപുസ്തകത്തിൽ അഭിപ്രായപ്പെടുന്നു. ഇബ്നുബത്തൂത കാണാനിടയായ ഖാളി ഫഖ്റുദ്ധീൻ ഉസ്മാന് ശേഷമുള്ളവരുടെ വിവരങ്ങൾ മാത്രമേ നമുക്ക് ലഭ്യമായുള്ളൂ എന്ന് മാത്രം. ഖാളി ഫഖ്റുദ്ധീൻ ഉസ്മാന് മുമ്പ് കോഴിക്കോട് ഖാളികളായിരുന്നവർ പ്രഥമ ഖാളി ഹബീബുബ്നു മാലികിന്റെ വംശവലിയിൽ നിന്നുള്ളവരായിരുന്നുവെന്നും ഊഹിക്കപ്പെടുന്നു. ഖാളി ഫഖ്റുദ്ധീൻ ഉസ്മാന് മുമ്പുള്ള പ്രമുഖരായ ഖാളികളിൽ ചിലർ, സൈനുദ്ധീൻ ഇബ്നുമദനി, ജഅ്ഫർ ഇബ്നു സുലൈമാൻ, മുഹമ്മദുൽ മദനി അൽഅൻസാരി, മകൻ മാലിക്, മകൻ ഹബീബ്, മകൻ മാലിക്, മകൻ മുഹമ്മദ് എന്നിവരാണ്.
പന്ത്രണ്ടാം നൂറ്റാണ്ട് മുതലുള്ള കേരളീയ ചരിത്രകാലം ഇസ്ലാമിന്റെ പെരുമയാൽ മഹത്തരമാണ്. രചനാ രംഗത്തുണ്ടായ കേരളീയ പണ്ഡിതരുടെ അസാമാന്യ മികവ് ചരിത്ര നിലനിൽപിന് ആധാരമായി. ചാലിയം, താനൂർ, പൊന്നാനി, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലൂടെ ഇസ്ലാമിക വൈജ്ഞാനിക ശാഖകൾക്ക് ഉണർവ്വേകിയ കേരളീയ പണ്ഡിതരുടെ സുവർണ കാലഘട്ടമായിരുന്നു അത്.
നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാർ രചിച്ച തുഹ്ഫതുൽ അഖ്യാർ ഫീ താരീഖി ഉലമാഇമലൈബാർ കേരളക്കരയിലെ പണ്ഡിതശ്രേഷ്ഠരുടെ ജീവചരിത്രം വിവരക്കുന്ന ആധികാരിക ഗ്രന്ഥമാണ്. മാലിക് ദീനാർ സംഘത്തിന് മുമ്പ് സിലോണിലെ ആദം മല ഉദ്ദേശിച്ചെത്തിയ സംഘത്തിലുണ്ടായിരുന്ന പണ്ഡിതനെയും അദ്ദേഹം പറയുന്നുണ്ട്. ഷെയ്ഖ് ളഹീറുദ്ധീൻ ഇബ്നു സഖിയ്യുദ്ധീൻ അൽ മദനിയെന്ന പണ്ഡിതനാണ് പെരുമാൾ രാജാവിന് പ്രവാചകന്റെ ചന്ദ്രൻ പിളർന്ന അമാനുഷികത വിവരിച്ചുകൊടുത്തതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഇസ്ലാമിന്റെ ആഗമനം മുതലുള്ള എല്ലാ മണ്മറഞ്ഞ പണ്ഡിതന്മാരുടെയും ജീവിതരേഖ സമാഹരിക്കുന്നതിലൂടെ സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ട അന്ധതയുടെ മറ നീക്കാൻ അദ്ദേഹത്തിന് ഒരു പരിധി വരെ സാധിച്ചുവെന്ന് പറയാം.
ഇബ്നുബതൂത്തയുടെ വീക്ഷണകോണിൽ
പതിനഞ്ചാം നൂറ്റാണ്ടിന് മുമ്പുള്ള കർമശാസ്ത്ര പണ്ഡിതരെ ഹ്രസ്വമായി വിശകലനം ചെയ്യാം. ആദ്യകാല പണ്ഡിതരുടെ ജീവചരിത്ര കൃതികൾ ലഭ്യമല്ലെങ്കിലും അവരുടെ കൃതികളിലൂടെയുള്ള പഠന സാധ്യത വലുതാണ്. കർമശാസ്ത്രം, ആധ്യാത്മികത, ദീനിയാത്ത് എന്നീ മൂന്ന് മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇസ്ലാമിക രചനകൾ നിലനിന്നിരുന്നത്. പതിനാലാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഇബ്നു ബതൂതയുടെ സഞ്ചാര കുറിപ്പുകൾ അക്കാലത്തെ പ്രധാനികളിലേക്ക് വെളിച്ചം കാട്ടുന്നു. ദർസ് വ്യവസ്ഥയെ വിസ്മയപൂർവം രേഖപ്പെടുത്തുന്ന ഇബ്നു ബത്തൂത മലബാറിലെ പ്രധാനപെട്ട പള്ളികളിൽ ഖാളികൾക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കപ്പെട്ടിരുന്നതായി വിവരിക്കുന്നു. വിദ്യാർത്ഥികൾക്ക് തദ്ദേശവാസികളുടെ വീടുകളിൽനിന്നായി എല്ലാ നേരവും ഭക്ഷണം ലഭ്യമായിരുന്നു എന്നും അദ്ദേഹം കൗതുകത്തോടെ എടുത്ത് പറയുന്നു. മലബാറിലെ എല്ലാ പ്രദേശങ്ങളെയും ഇബ്ന് ബത്തുത്ത ഇത്തരത്തിൽ സൂക്ഷ്മമായി പരിശോധിക്കുന്നതും അദ്ദേഹത്തത്തിന്റെ സമീപനത്തിലെ പുതുമയും എടുത്തുപറയേണ്ടതാണ്.
പതിനാലാം നൂറ്റാണ്ടിൽ മലബാർ തുറമുഖതീരങ്ങളിലെ പള്ളികളിലെ ഖാളികളെയും സൂഫിവര്യരെയും ഇബ്നു ബത്തുത സന്ദർശിച്ചിരുന്നതായി കാണാം. ഉത്തര മലബാറിലെ അഴിമുഖമായിരുന്ന ബസരൂറിൽ അബിസിത്ത എന്നറിയപ്പെടുന്ന ഷെയ്ഖ് ജുമുഅ, അടുത്ത പ്രദേശമായ ബാകനൂറിൽ പള്ളി നിർമാണങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹുസൈൻ സല്ലാത്ത്, തുടർന്ന് മംഗലാപുരത്ത് വന്നിറങ്ങിയപ്പോൾ അഴിമുഖത്ത് സ്വീകരണം നൽകി രാജസന്നിധിയിലേക്ക് ആനയിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ബദ്റുദ്ധീൻ അൽമഅ്ബരി എന്ന ഖാളി, ഹീലിയിൽ വെച്ച് (ഏഴിമല ) ഖത്തീബ് ഹുസൈൻ, ഹസൻ വസാനി, പതിനാല് വർഷക്കാലം മക്കയിലും മദീനയിലുമായി കഴിഞ്ഞ സഈദ്, ജർഫത്താനിലെ (ശ്രീകണ്ഠപുരം) ബഗ്ദാദുകാരനായ പണ്ഡിതന്, പന്തലായനിയിൽ ഖതീബും ഖാളിമായിരുന്ന ഒമാനിയായ പണ്ഡിതന് എന്നിവരെയെല്ലാം അദ്ദേഹം പരാമര്ശിക്കുന്നുണ്ട്.
കോഴിക്കോട് വെച്ച് ഖാളി ഫഖ്റുദ്ധീനെയും സൂഫിയായ ഷിഹാബുദ്ധീൻ കാസരുനിയെയും കണ്ടുമുട്ടുന്നുണ്ട്. മംഗലാപുരത്തെ ഹിന്ദു രാജാവായിരുന്ന രാം ദുവിന്റെ കൊട്ടാരത്തിൽ ഖാളി ബദ്റുദ്ധീൻ അൽമഅ്ബരിയുടെയും സമൂതിരിയുടെ അധീനതയിൽ കോഴിക്കോട് ഷാ ബന്ദറായിരുന്ന ബഹ്റൈനുകാരനായ ഇബ്രാഹീമിന്റെയും സ്ഥാനം ആക്കാലത്തെ മുസ്ലിംകളുടെ സാമൂഹിക പ്രാതിനിധ്യം തെളിയിക്കുന്നതാണ്. ചൈനക്കാരനായ മുസ്ലിം സഞ്ചാരി മഹ്വാനും കോഴിക്കോട്ടെ ബുദ്ധ മതക്കാരനായ രാജാവിന്റെ മുസ്ലിം കാര്യസ്ഥനെക്കുറിച്ച് എഴുതുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്ത്യ സന്ദർശിച്ച പേർഷ്യൻ രാജാവായ ഷാ രുഖിന്റെ കൊട്ടാരപണ്ഡിതൻ അബ്ദുറസാഖ് (1413–1482) എന്നവരും കോഴിക്കോട് ഖാളിയെ കുറിച്ച് സൂചന നൽകുന്നുണ്ട്.
ആദ്യകാല പള്ളികളും ദർസുകളും
മലബാറിലെ പുരാതന പള്ളികളിൽ മിക്കതും പതിനാലാം നൂറ്റാണ്ടിന് മുമ്പ് സ്ഥാപിതമായവയാണ്. അവയിൽ ഏഴാം നൂറ്റാണ്ട് മുതൽക്കേ ചരിത്രമുള്ള പള്ളികൾ ധാരാളമുണ്ട്. തുഹ്ഫ്തുൽ മുജാഹിദീനിൽ രേഖപെടുത്തപ്പെട്ട മാലിക് ദീനാർ സംഘം നിർമിച്ച പത്ത് പള്ളികൾക്ക് പുറമെ സൂഫി പണ്ഡിതനായ ഉമർ അൽസുഹ്റവർദി, തന്റെ കൃതിയായ റിഹ്ലത്തുൽ മുലൂക്കിൽ ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പ്രബോധക സംഘം സ്ഥാപിച്ച ഇരുപതിൽപരം പള്ളികളെ എണ്ണുന്നതായി കാണാം. പൊന്നാനി, പുതുപൊന്നാനി, കൊച്ചി, തലശ്ശേരി, താനൂര്, പെരിങ്ങാടി, പുതിയങ്ങാടി, ചാവക്കാട്, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. അവിടെ ഖാളികളായിരുന്ന പതിനെട്ടു പണ്ഡിതന്മാരെയും ചേർത്തുദ്ധരിക്കുന്നുണ്ട്. ഇവടങ്ങളിലെല്ലാം മതപഠനത്തിനുള്ള സാഹചര്യമുണ്ടായിരുന്നതായും അദ്ദേഹം സമർത്ഥിക്കുന്നു. തുടർ കാലങ്ങളിലുണ്ടായ കേരളീയ ഇസ്ലാമിന്റെ വ്യാപനത്തിന്റെ സാഹചര്യം ഇതിലൂടെ വ്യക്തമാണ്. തീരമേഖലകളിൽ മാലിക് ദീനാർ സംഘം നിർമിച്ച പള്ളികളുടെ അസൗകര്യമാണ് രണ്ടാം നൂറ്റാണ്ടിൽ കൂടുതൽ പള്ളികളെ ആവശ്യമാക്കുന്നതെന്ന് മനസ്സിലാക്കാം.
കേരളത്തിലെ പള്ളികളിൽ മഖ്ദൂമുകൾക്ക് മുമ്പ് ദർസ് ഉണ്ടായിരുന്നു എന്നത്, എല്ലാ ആധികാരിക ചരിത്ര ഗ്രന്ഥങ്ങളും ശരിവെക്കുന്നുണ്ട്. കേരളത്തിൽ ദർസ് പാരമ്പര്യം പന്ത്രണ്ട്–പതിമൂന്ന് നൂറ്റാണ്ടുകൾക്കിടയിൽ തന്നെ നിലവിലുണ്ടായതായി കാണാം. അതായത്, മഖ്ദൂമുമാരുടെ ആഗമനത്തിന് മൂന്നു നൂറ്റാണ്ടുകൾക്ക് മുമ്പേ വ്യവസ്ഥാപിതമായ ദർസുകൾ നിലനിന്നിരുന്നെന്ന് വ്യക്തം.
ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിക പ്രബോധത്തിനെത്തിയ സംഘം മതപഠനം വ്യാപകമാക്കുവാനായി പള്ളികളിൽ ദർസുകൾക്ക് നേതൃത്വം നൽകിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കിതാബുകളുടെ അഭാവം മൂലം കർമശാസ്ത്ര വിധി വിലക്കുകൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയായിരുന്നു ആദ്യ കാലത്തെ പണ്ഡിതന്മാർ സ്വീകരിച്ചിരുന്നത്. തന്മൂലം വിശ്വാസികളുടെ സംശയ ദൂരീകരണത്തിന്റെ ഹിമാലയൻ കവാടമാണ് തുറക്കപ്പെട്ടത്. കൂടാതെ പൊതുജനങ്ങൾക്കിടയിൽ സംഭവിക്കുന്ന സാമൂഹിക തർക്കങ്ങൾക്ക് പരിഹാരം നിശ്ചയിക്കാനുള്ള സംവിധാനവും പള്ളികളിൽ സ്ഥാപിക്കപ്പെട്ടിരുന്നു. കേരളത്തിലെ മതപാരമ്പര്യത്തിന്റെ കൈമാറ്റം നടന്നത് ഈ രീതി പിന്തുടർന്ന് തന്നെയായിരുന്നു.
ഹിജ്റ ഒന്നാം നൂറ്റാണ്ടിലേക്കെത്തുന്ന കുടുംബ പരമ്പരയുള്ള കോഴിക്കോട് ഖാളി സൈനുദ്ധീൻ ശാലിയാത്തിയുടെ പിതാമഹാന്മാർ ഖാളികളായിരുന്നതായുള്ള സ്വീകാര്യയോഗ്യമായ നിഗമനമുണ്ട്. (സൈനുദ്ധീൻ റമളാൻ ഇബ്നുൽഖാളി മൂസ ഇബ്നുൽഖാളി ഇബ്രാഹിം ഇബ്നു മുഹമ്മദ് ഇബ്നു മാലിക് ഇബ്നു ഹബീബ് ഇബ്നു മാലിക് ഇബ്നു മുഹമ്മദ് ഇബ്നു മാലിക് ഇബ്നു ഹബീബ് ഇബ്നു മാലിക് അൽമദനി അൽ അൻസാരി)
ആദ്യ നൂറ്റാണ്ട് മുതലുള്ള ഹബീബ് ഇബ്നു മാലികിന്റെ പാരമ്പരയിലെ കോഴിക്കോട് ഖാളിമാർ സർവരാലും അംഗീകരിക്കപ്പെട്ടവരായിരുന്നു. കുറ്റിച്ചിറ മിസ്കാൽ പള്ളി കോഴിക്കോട് ഖാളികളുടെ ആസ്ഥാനമാവുന്നത് ഹിജ്റ ഏഴാം നൂറ്റാണ്ടിന് ശേഷമാണ്. അതുവരെ കോഴിക്കോട് നിലനിന്നിരുന്ന കേന്ദ്ര പള്ളിയെ കുറിച്ച് ലഭ്യമായ വിവരമില്ല. ചാലിയം പുഴക്കര പള്ളി ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ചാലിയം ഖാളികളുടെ നിത്യസാന്നിധ്യമുള്ള കേന്ദ്രവുമായിരുന്നതിനാൽ, ഏഴാം നൂറ്റാണ്ടു വരെയുള്ള ഖാളികളുടെ ആസ്ഥാനം ചാലിയമായിരുന്നുവെന്നു കരുതപ്പെടുന്നു.
ഹിജ്റ 670കളിൽ (CE 1270) താനൂര് വലിയകുളങ്ങര പള്ളിയിൽ ഇമാം മുഹമ്മദ് അബ്ദുല്ലാഹ് അൽഹള്റമി അൽയമനിയുടെ കീഴിൽ വിദേശി വിദ്യാർഥികളടക്കം സംബന്ധിച്ച ദർസ് നടന്നിരുന്നു. ഇക്കാലം മുതൽക്കേ ഹളർമൗത്തിൽനിന്നുള്ള പണ്ഡിത ആഗമനം തുടർന്നിരുന്നതിനാൽ ദർസിന്റെ തുടക്കം നിർണയിക്കൽ പ്രയാസമാണ്. ഇദ്ദേഹമാണ് കേരളത്തിലെ ദർസുകളിൽ ആദ്യമായി കിതാബുകൾ ഓതിപ്പഠിപ്പിക്കുന്ന രീതി തുടങ്ങിയത്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ബഗ്ദാദിലെ പ്രമുഖ പണ്ഡിതനായ ഷെയ്ഖ് അബു ഇസ്ഹാഖ് അൽഷീറാസി അശ്ശാഫിഈയുടെ ഇസ്ലാഹ് ഖുതുബ്ഖാനയിലുള്ള തൻബീഹ് എന്ന ഗ്രന്ഥമാണ് അതിലേക്ക് സൂചന നൽകുന്നത്. തുടർന്നും സമകാലിക ഷാഫിഈ പണ്ഡിതരുടെ കിതാബുകൾ ഓതിപ്പഠിപ്പിക്കുന്ന രീതിയായിരുന്നു അവിടത്തെ പാരമ്പര്യമെന്നത് ഖുതുബ്ഖാനയിലെ മുന്നോറോളം കിതാബുകളുടെ കയ്യെഴുത്തു പ്രതികൾ വിളംബരം ചെയ്യുന്നു. അച്ചടിക്കപ്പെട്ട കോപ്പികളുടെ ലഭ്യത പ്രയാസമായതിനാൽ കിതാബുകളുടെ കയ്യെഴുത്തുപ്രതികൾ ലഭ്യമാക്കുവാൻ മുദരിസുമാർ തന്നെ മുൻകൈയെടുത്തിരുന്നു.
ഇബ്നുഹജർ അൽഹൈതമിയുടെ ശിഷ്യത്വം സ്വീകരിച്ച സൈനുദ്ധീൻ മഖ്ദൂം അസ്സഗീർ പൊന്നാനിയിൽ ദർസ് നടത്തിയ കാലത്ത് താനൂരിൽ ദർസിന് നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ സഹപാഠിയോ ഇബ്നുഹജർ അൽഹൈതമിയുടെ പക്കൽ മഖ്ദൂമിന് മുമ്പേ ശിഷ്യത്വം സ്വീകരിച്ചതോ ആയ പണ്ഡിതനായിരുന്നു. ഇബ്നഹജർ അൽഹൈതമിയുടെ അച്ചടിക്കപ്പെടാത്ത അൽഇംദാദ് ഗ്രന്ഥത്തിന്റെ മുഴുവൻ ഭാഗങ്ങളും കയ്യെഴുത്തു പ്രതികളായി താനൂരിലെ പള്ളിയിൽ ദർസ് വിദ്യാർത്ഥികൾക്കായി വഖ്ഫ് ചെയ്യപ്പെട്ടിട്ടുണ്ട്. വിദേശി മുദരിസുമാരുടെ പാരമ്പര്യം ഉൾച്ചേർന്നുകൊണ്ടുള്ള ദർസായതിനാൽ ഹിജാസ്, യമൻ, ഈജിപ്ത് ദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയ പെരുമയും താനൂർ ദർസിനുണ്ട്. ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ അതിപ്രധാനമായ തഫ്സീർ, ഹദീസ്, ലുഗ, സീറ മേഖലകളിലെ കിതാബുകൾക്ക് പുറമെ ഫിഖ്ഹിലെ മുന്നൂറോളം കിതാബുകളാണ് കൈയ്യെഴുത്തു പ്രതികളായി ഖുതുബ് ഖാനയിലുള്ളത്. ദർസിലെ വിദ്യാർത്ഥികളുടെ മുതാലഅക്ക് വഖഫ്ചെയ്യപ്പെട്ട, ഹി. 800കളിൽ എഴുതപ്പെട്ട ഫിഖ്ഹി ഗ്രന്ഥങ്ങളുമുണ്ട്. പിൽകാലത്ത് വെളിയങ്കോട് ഉമർ ഖാളി, അവുക്കോയ മുസ്ലിയാർ, ഖുതുബി ഉസ്താദ്, ഇ കെ അബുബക്കർ മുസ്ലിയാർ തുടങ്ങിയ വിശാരദരായ മുദരിസുമാരുടെ സാന്നിധ്യം താനൂരിലെ സുവർണ പാരമ്പര്യത്തിൽ എഴുതിച്ചേർത്ത നല്ല നാളുകളായിരുന്നു.
കോഴിക്കോട് കുറ്റിച്ചിറ പള്ളിദർസിനും ഇതേ പഴക്കമുണ്ട്. (ഹി 700ന്റെ തുടക്കത്തിൽ/ CE1300-1350 ഇടയിൽ) നാഖുദാ മിസ്കാൽ എന്നറിയപ്പെട്ടിരുന്ന വിദേശി കച്ചവടക്കാരന്റെ ഉദ്ദേശസിദ്ധിക്ക് നേർച്ചയെന്നോണമാണ് പള്ളി നിർമ്മിക്കപ്പെട്ടത്. അദ്ദേഹത്തിലേക്ക് ചേർത്തുകൊണ്ട് മിസ്കാൽ പള്ളിയെന്നും വിളിക്കപെടുന്നു. ഹി. 785 മുതൽക്ക് ഖാളി സൈനുദ്ദീൻ റമളാൻ അശ്ശാലിയാത്തിയും തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഖാളി ഫഖ്റുദ്ദീൻ അബുബകർ ഇബ്നു റമളാൻ അശ്ശാലിയാത്തിയും ഇവിടെ ദർസ് നടത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ചാലിയം എന്നയിടത്തേക്ക് ചേർക്കപെടുന്ന ഇരുവരുടെയും പരമ്പര മാലിക് ഇബ്നു ഹബീബ് വരെ നീണ്ടുപോകുന്നു. ശേഷം കോഴിക്കോട് ഖാളികളുടെ കേന്ദ്രമായി പ്രവർത്തിച്ച പള്ളിയിൽ നൂറ്റാണ്ടുകളോളം ദർസ് തുടർന്നുപോന്നു.
മിസ്കാൽ പള്ളിക്ക് അടുത്തായി ഏറെ പ്രാധാന്യമർഹിക്കുന്നതും വളരെ പ്രാചീനമേറിയതുമായ മുച്ചുന്തി പള്ളിയും വിപുലമായ ദർസ് സമ്പ്രദായത്തിന് സാക്ഷിയായ ഇടമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ (ഹിജ്റ ഏഴാം നൂറ്റാണ്ട്) മുച്ചിയൻ എന്ന അറബി വ്യാപാരിയാണ് ഇത് പണികഴിപ്പിച്ചത്. പള്ളിയുടെ പഴമയും അതിവിപുലമായ ദർസിന് സൗകര്യപ്പെടുന്ന രീതിയിലുള്ള നിർമാണവും ദർസിന്റെ സാന്നിധ്യം വിളിച്ചോതുന്നു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ആക്രമണത്തെ തുടർന്ന് പുനർനിർമാണം നടന്നതായി പള്ളിയിലുള്ള രേഖകൾ വ്യക്തമാക്കുന്നു. പിൽകാലത്ത് ഇവിടെ മുദരിസായിരുന്ന കയൽപട്ടിണത്തിൽ നിന്നു വന്ന സ്വാദഖത്തുള്ള അൽഖാഹിരിയുടെ ദർസിൽ ചേരാൻ വിദേശത്തു നിന്നും ദ്വീപിൽ നിന്നുമായി വിദ്യാർത്ഥികളെത്തിയതായി രേഖകളുണ്ട്.
പെരിന്തൽമണ്ണ പുത്തനങ്ങാടി ജുമുഅത്ത് പള്ളിയിലെ ദർസിന് 900 വർഷവും കോട്ടക്കൽ പാലപ്പുറ പള്ളിയിലും കാപ്പ് ജുമുഅത്ത് പള്ളിയിലുമുള്ള ദർസുകള്ക്ക് 800 വർഷത്തിന്റെ പഴക്കവുമാണ് സ്ഥലവാസികൾ കണക്കാക്കുന്നത്. കൊച്ചിയിലെ ഖൽവത്ത് പള്ളി പതിനാലാം നൂറ്റാണ്ടു മുതൽക്ക് മുസ്ലിംകളുടെ പ്രധാന കേന്ദ്രമാണ്. 1341ൽ തുറമുഖത്തിന്റെ ഉദയത്തോടെ കൊച്ചി അറബി കച്ചവടക്കാരുടെ സ്ഥിര സാന്നിദ്ധ്യമായി മാറി. ക്രൈസ്തവ വിശ്വാസികളുടെ ഭൂരിപക്ഷമുള്ളയിടമായതിനാൽ നാല് പതിറ്റാണ്ടിന് ശേഷം തുറസ്സായ സ്ഥലത്ത് പണികഴിപ്പിച്ച പള്ളിയാണ് ഫോർട്ട് കൊച്ചിയിലെ ഖൽവത്ത് പള്ളി. ഖൽവത്ത് ആളൊഴിഞ്ഞ സ്ഥലം എന്ന് അർത്ഥമുള്ള അറബി പദമാണ്. മഖ്ദൂം കുടുംബത്തിന്റെ പിതാവെന്നറിയപ്പെടുന്ന ശൈഖ് അലി ഇബ്നു അഹ്മദ് അല്മഅ്ബരിയാണ് കൊച്ചിയിലെത്തിയ ആദ്യത്തെ മഖ്ദൂം കുടുംബത്തിലെ അംഗം. മഖ്ദൂം ഭവനം (അലി ഇബ്നു അഹ്മദ് അല്മഅ്ബരിയുടെയും മകൾ സൈനബയുടെയും മഖ്ബറ സ്ഥിതിചെയ്യുന്ന സ്ഥലം) ഖൽവത്ത് പള്ളിയുടേയും ചെമ്പിട്ടപള്ളിയുടെയും അടുത്തപരിസരത്താണ്. പതിനാലാം നൂറ്റാണ്ട് അവസാനം കായൽപട്ടിണത്തിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട അലി ഇബ്നു അഹ്മദ് അൽമഅ്ബരി കൊച്ചിയിലൂടെ മലബാറിലെ പുതിയ പണ്ഡിത പാരമ്പര്യത്തിന് തിരികൊളുത്തി.
ഇത്രകൊണ്ടെന്നും അവസാനിക്കുന്നതല്ല മഖ്ദൂമുമാര്ക്ക് മുമ്പുള്ള കേരളീയ വൈജ്ഞാനിക പൂർവകാലം. എണ്ണപ്പെട്ട രേഖകൾ മാത്രം അവശേഷിക്കുന്നതിനാലും ചരിത്ര പണ്ഡിതരുടെ അർപ്പണബോധമില്ലായ്മയും കാരണം മിക്ക വസ്തുതകളും കാലഹരണപെട്ടതോടെ, വസ്തുതകളെ മിത്തുകളായും വെറും അഭിപ്രായങ്ങളും ധാരണകളും നിഗമനങ്ങളുമായി സൂചിപ്പിക്കുന്നിടത്തോളം എത്തിയിരിക്കുന്നു കാര്യങ്ങള്.
പണ്ഡിതരാലും സൂഫികളാലും കച്ചവടക്കാരാലുമായി ഒട്ടേറെ പള്ളികൾ കേരളക്കരയിൽ സ്ഥാപിതമായിട്ടുണ്ട്. കേരളത്തിലെ പള്ളികൾക്കും ജനതക്കും നൂറ്റാണ്ടുകളുടെ ഒരേ ചരിത്രവും പാരമ്പര്യവുമാണുള്ളത്. ജനതയുടെ ചരിത്രം പള്ളികളുടേതിനോടും പള്ളികളുടേത് ജനതയുടെ ചരിത്രത്തോടുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണെന്ന് പറയേണ്ടതില്ലല്ലോ.
പണ്ഡിതരും സൂഫികളും
അറബികളുടെ നിത്യസന്ദർശന മേഖലയായത് കൊണ്ട് പണ്ഡിതരും സൂഫികളും എല്ലാ കാലത്തും കേരളത്തിലേക്ക് പ്രവഹിച്ചിരുന്നു. ബിസി 200കളിൽ സുലൈമാൻ നബി ഇവിടത്തെ കുരുമുളക് തേടിയെത്തിയിരുന്നുവെന്ന് പറയപ്പെടുന്നത് അറബി കച്ചവടക്കാരുമായുള്ള അതിപുരാതന ബന്ധമാണ് സൂചിപ്പിക്കുന്നത്. പ്രവാചക കാലം തൊട്ടുള്ള അറബികളുടെ സന്ദർശനം ഇസ്ലാമിന്റെ വെളിച്ചം പകരാനിടയായി. തുടർന്ന് അറബികൾ കച്ചവടത്തിന് പുറമെ പല വേഷങ്ങളിലായി മലബാർ തീരത്തെത്തി. പ്രബോധകർ, ദൈവ സ്തുതിപാഠകർ, സഞ്ചാരികൾ എന്നിവരുടെ മനം കവരുന്നിടമായത് പോലെ മലബാർ മർദ്ധിതരായ അറബികളുടെ അഭയകേന്ദ്രവുമായിരുന്നു. എഡി 3-4 നൂറ്റാണ്ടുകൾക്കിടയിൽ തീരമണഞ്ഞ ജൂത ക്രൈസ്തവ അഭയാർത്ഥി കപ്പലുകളുടെ സ്മാരകങ്ങളായി ഇന്നും കടലിടുക്കുകളിൽ സംഗമം ചേരുന്ന പതിവുണ്ട്. എഡി 8-11 നൂറ്റാണ്ടുകൾക്കിടയിൽ അഭയാർത്ഥികളായെത്തി മലബാറിലെ പല ഭാഗത്തും സ്ഥിര താമസമാക്കിയ അറബി വംശജരെയും കാണാവുന്നതാണ്.
യമനിലെ ഹദ്റമികൾക്ക് പ്രവാചക കാലംതൊട്ട് മലബാറുമായി ബന്ധമുണ്ട്. ഹദ്റമി പണ്ഡിതന്മാരുടെ വരവ് ഹിജ്റ രണ്ടാം നൂറ്റാണ്ടു മുതൽക്കേ കാണപ്പെടുന്നു. യമനിൽ നിന്ന് മദീനയിലെത്തിയ അൻസാരികളായ ഹബീബ് ഇബ്നു മാലികിന്റെ പരമ്പരയിൽ പെട്ടവരാണ് മലബാറിലെത്തിയ പ്രവാചകനുയായികളെന്ന് കരുതപ്പെടുന്നു. തുടർന്ന് എല്ലാ കാലത്തും യമനി പണ്ഡിതർ മലബാറുമായി ബന്ധപ്പെട്ടിരുന്നതായി രേഖകളുണ്ട്. 1200കളിൽ താനൂരിൽ ദർസിന് നേതൃത്വം നൽകിയ ഇമാം മുഹമ്മദ് അബ്ദുല്ലാഹ് അൽഹള്റമി, ഇബ്നു ബത്തൂത രേഖപെടുത്തുന്ന പണ്ഡിതന്മാരായ ഷിഹാബുദ്ധീൻ കാസരൂനി, ഹസൻ വസാനി എന്നിവരും യെമനിലേക്ക് ചേർക്കക്കപ്പെടുന്നതായി കാണാം. ഹദ്റമി സയ്യിദന്മാർ ഇന്ത്യയിലേക്ക് പതിനാറാം നൂറ്റാണ്ടിലും മലബാറിലേക്ക് പതിനെട്ടാം നൂറ്റാണ്ടിലുമാണ് എത്തിയതെന്ന് പറയാം.
ഹി. 208ൽ ഇറാഖിൽ നിന്ന് കേരളത്തിലെത്തിയ സൂഫി പണ്ഡിതനായ അലിയ്യുൽകൂഫി പെരിങ്ങത്തൂരിൽ ഇസ്ലാമിക ആശയങ്ങളെ കൊണ്ട് സംസ്കരണം നടത്തി. റിഹ്ലതുൽ മുലൂക്കിന്റെ രചിയിതാവ് ഉമർ സുഹ്റവർദിയൊടോന്നിച്ചു വന്നതാണ് അദ്ദേഹം എന്നാണ് കരുതപ്പെടുന്നത്. ഹി 212ൽ ദവാരികൾ ഒന്നടങ്കം മതംമാറിയപ്പോഴാണ് അലിയ്യുൽ കൂഫി പെരുങ്ങത്തൂരിൽ പള്ളി സ്ഥാപിച്ചത്.
ആറാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ഷെയ്ഖ് ഫരീദുദ്ധീൻ അബ്ദുൽ ഖാദർ അൽഖുറാസാനി (569-664) സ്ഥാപിച്ച പൊന്നാനിയിലെ ആദ്യ പള്ളിയാണ് പൊന്നാനി തോട്ടുങ്ങൽ പള്ളി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, ഇടുക്കിയിലെ കോലാഹൽമേട്, എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം എന്നിവിടങ്ങളിലെല്ലാം മഖാമുകളുള്ള പ്രസിദ്ധ സൂഫിവര്യനായ ഫാരീദുദ്ധീൻ ഔലിയ ഷെയ്ഖ് ജീലാനിയുടെ പ്രമുഖ ശിഷ്യനും ഭക്തിയാർ കാക്കിയുടെ സഹയാത്രികനുമായാണ് ഇന്ത്യയിലെത്തിയത്.
സൂഫിയും സ്വാതികനുമായ ഷിഹാബുദ്ധീൻ കാസരൂനിയുടെ സമകാലികനായിരുന്നു ഖാളി ഷെയ്ഖ് ഫഖ്റുദ്ധീൻ ഉസ്മാൻ. കോഴിക്കോട് ഖാളികളിൽ ഷെയ്ഖ് ഫഖ്റുദ്ധിൻ ഉസ്മാന് ശേഷമുള്ളവരുടെ വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഷെയ്ഖ് മുഹമ്മദ് ളിയാഹുദ്ധീനായിരുന്നു ഖാളി ഫഖ്റുദ്ധിൻ ഉസ്മാന്റെ പിൻഗാമി. കുറ്റിച്ചിറ ജുമുഅത്ത് പള്ളി ആസ്ഥാനമാക്കി ദഅവീ പ്രവർത്തനത്തിലേർപ്പെട്ടിരുന്നു അദ്ദേഹം. മരണ ശേഷം ഷെയ്ഖ് ഇബ്രാഹീം ഇബ്നു മുഹമ്മദായിരുന്നു കോഴിക്കോട് ഖാളി. ചാലിയം ജുമുഅത്ത് പള്ളിയായിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രസ്ഥാനം. അവിടെത്തന്നെ മറപ്പെട്ടുകിടക്കുന്നുവെന്നു കരുതപ്പെടുന്നു. തുടർന്ന് മൂസ ഇബ്നു ഇബ്റാഹീമും ചാലിയം ആസ്ഥാനമാക്കി അവിടെത്തന്നെ മറപ്പെട്ടു കിടക്കുന്നു.
ശേഷം ഖാളിയായ സൈനുദ്ധീൻ റമളാൻ അശ്ശാലിയത്തി ഹി. 750ൽ ചാലിയത്ത് ജനിച്ചു. പിതാവിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി യൗവ്വനത്തിൽ തന്നെ യമനിലെത്തി പ്രഗത്ഭ പണ്ഡിതൻ അബ്ദുള്ള അൽയാഫിഈയുടെ ശിഷ്യത്വം സ്വീകരിച്ചു. അവിടെ വെച്ച് ഫിഖ്ഹ്, ഹദീസ്, അഖീദ, തസവ്വുഫ് എന്നീ മേഖലകളില് പ്രവീണ്യം നേടി മലബാറിലേക്ക് മടങ്ങി. തുടർന്ന് കോഴിക്കോട്, ചാലിയം പ്രദേശങ്ങളുടെ ഖാളിയായി വാണു. ഇദ്ദേഹമാണ് കോഴിക്കോട് കുറ്റിച്ചിറ മിസ്കാൽ പള്ളി, മുച്ചുന്തി പള്ളി, കുറ്റിച്ചിറ ജുമുഅത് പള്ളി എന്നിവിടങ്ങളിൽ ദർസിന് പ്രാരംഭം കുറിച്ചത്. ഉംദത്തുൽ അസ്ഹാബ് എന്ന കൃതിയുടെ രചിയിതാവായ ഇദ്ദേഹം 850ൽ മരണമടഞ്ഞു.
ശേഷം കോഴിക്കോട് ഖാളി സ്ഥാനം ഫഖ്റുദ്ധീൻ അബൂബകർ അശ്ശാലിയാത്തിക്കായിരുന്നു. ഹി. 825ലായിരുന്നു ജനനം. പിതാവിൽ നിന്ന് വിജ്ഞാനം നേടി പരിശുദ്ധ മക്കയിലേക്ക് ഹജ്ജിനായി പുറപ്പെട്ട അദ്ദേഹത്തിന്, ഹജ്ജ് നിർവഹിച്ച് മക്കയിൽ വെച്ച് ഇമാം ജലാലുദ്ധീൻ അൽമഹല്ലിയുടെയും ഇമാം ഷിഹാബുദ്ധിൻ അഹ്മദ് അൽറംലിയുടെയും ശിഷ്യത്വം നേടാൻ ഭാഗ്യം ലഭിച്ചു. നാട്ടിലേക്ക് തിരികെ വന്നതോടെ മലബാറിലെ നാനാഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അദ്ദേഹത്തിന്റെ ദർസിൽ ചേരാനായി കോഴിക്കോട്ടേക്ക് ഒഴുകിയെത്തി.
ഫഖ്റുദ്ധീൻ അശ്ശാലിയത്തിയെ തുടർന്ന് മകൻ അഹ്മദ് അശ്ശാലിയാതി കോഴിക്കോട് ഖാളിയായി. പിതാവിന്റെ ദർസിൽ പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി യമനിലേക്ക് പോയി. യമനിലെ സുബൈദിൽ വെച്ച് അലിയ്യ് ഇബ്നു മുഹമ്മദ് അന്നാഷിരിയുടെ ശിഷ്യത്വം സ്വീകരിച്ചു. വലിയ മഖ്ദൂമിന്റെ കാലത്ത് കോഴിക്കോട് ഖാളിയായി തുടർന്ന് ഹി. 950ൽ വഫാതായി.
മഖ്ദൂമികൾക്ക് മുമ്പ് തന്നെ മഅ്ബറിന്റെ വൈജ്ഞാനിക പൈതൃകത്തിന്റെ പെരുമപേറിയ മഹോന്നതരായ മുഹമ്മദ് സയ്യിദ് ജമാലുദ്ധീൻ ഇബ്നു മുഹമ്മദ് ഇയാസുദ്ധീൻ കർക്കറി, ഷെയ്ഖ് ഇബ്രാഹീം അൽമഅ്ബരി, ഷെയ്ഖ് അഹ്മദ് അൽമഅ്ബരി, ഷെയ്ഖ് അലി ബ്നു അഹ്മദ് അൽമഅ്ബരി കയൽപട്ടിണം, മംഗലാപുരം, കൊച്ചി, എന്നിവിടങ്ങളിൽ ഹിജ്റ ആറാം നൂറ്റാണ്ടിന് ശേഷം ഇസ്ലാമിക വൈജ്ഞാനിക മുന്നേറ്റത്തിന് തിരികൊളുത്തിയവരാണ്.
ഹിജ്റ ഒമ്പതാം നൂറ്റാണ്ടിൽ വളപ്പട്ടണം ഖാളിയായിരുന്ന സീതി ഇബ്രാഹീം എന്നവരുടെ കാലത്ത് വളപട്ടണത്തെത്തി കണ്ണൂരിലെ ഇസ്ലാം പ്രചാരണത്തിൽ വലിയ ഭാഗധേയം വഹിച്ച ബുഖാരി കുടുംബത്തിലെ സയ്യിദ് അഹ്മദ് ജലാലുദ്ദീന് തങ്ങള് ഉത്തരമലബാറിലെ രണ്ടാം അലിയ്യുൽ കൂഫിയായിരുന്നു. ഖാദിരിയ്യ സരണിയുടെ ഷെയ്ഖ് കൂടിയായിരുന്ന തങ്ങൾ കരയിലുടനീളം ഖാദിരിയ്യ ത്വരീഖത്തിന് വേരോട്ടമുണ്ടാക്കി. കേരളത്തിലെ ബുഖാരി സയ്യിദ് പരമ്പരയുടെ പിതാവായ തങ്ങൾ ഹി. 875ൽ വളപട്ടണത്തുവെച്ച് വഫാത്തായി. മകൻ ഇസ്മായിൽ ബുഖാരി വളപട്ടത്തുനിന്ന് കൊച്ചിയിലെത്തുകയും മട്ടാഞ്ചേരിയിലെ ചെമ്പിട്ടപള്ളി നിർമിച്ച് മതപ്രചാരണത്തിലായി കഴിച്ച് കൂട്ടുകയും ചെയ്തു.
കോഴിക്കോട് അന്തിയുറങ്ങുന്ന ഷെയ്ഖ് അലാഉദ്ധീൻ അൽഹിംസി, ഷിഹാബുദ്ധിൻ കാസറൂനി, എഴിമലയിലെ ഷെയ്ഖ് അബ്ദുല്ലത്തീഫ്, വളപട്ടണം സയ്യിദ് അബൂബകർ, മാടായിലെ മലിക് അബ്ദുറഹ്മാൻ, കൊല്ലത്തെ ഷെയ്ഖ് അവിസ്താ, ചാലിയം ഷെയ്ഖ് നൂറുദ്ധീൻ തുടങ്ങിയ അനേകം സൂഫികൾ ഹിജ്റ പത്താം നൂറ്റാണ്ടിന് മുമ്പ് മലബാർ കരയിൽ ദൈവസ്മരണയിലും പ്രകീർത്തനങ്ങളിലുമായി കഴിഞ്ഞവരാണ്. മദീനയിലെ ഭരണാധികാരിയായിരുന്ന സയ്യിദ് ഇബ്രാഹീം ബാദുഷ ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ കണ്ണൂരിലെത്തുകയും ശേഷം തമിഴ്നാട്ടിൽ വിക്രമ പാണ്ഡ്യയോട് പൊരുതി സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തതോടെ അവരുടെ ജീവിതം കണ്ട് ആകൃഷ്ടരായ ജനങ്ങൾ ഒന്നടങ്കം ഇസ്ലാം സ്വീകരിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ പാന്ധ്യ രാജാക്കളുടെ സഹായത്തോടെ ഇസ്ലാം പ്രബോധനം നടത്തിയ മറ്റൊരു സൂഫിവര്യാനാണ് അലിയാർ ഷാ സാഹിബ്.
ഹിജ്റ പത്താം നൂറ്റാണ്ടിൽ മലബാറിലെത്തിയ മഖ്ദൂമികൾ ആദ്യകാല പണ്ഡിതർ ബാക്കിവെച്ചുപോയ സാക്ഷാത്കാരത്തിന്റെ കാവലാളുകളായും പരിഷ്കർത്താക്കളായും അനുവർത്തിച്ചു. മാലിക് ദീനാർ സംഘത്തിന് കാലങ്ങൾക്കു ശേഷം വന്ന പ്രതിനിധികളായിരുന്നു അവർ. മഖ്ദൂമുമാർക്ക് ശേഷം കേരളത്തിലെത്തിയ സയ്യിദ് കുടുംബങ്ങളും അതിന്റെ തുടർച്ചയായിരുന്നു.
വൈജ്ഞാനിക വിപ്ലവം കൊണ്ട് വസന്തപൂരിതമായ മുസ്ലിം മലബാറിന്റെ ആദ്യകാലം തുടർന്നും പഠനവിധേയമാക്കപ്പെടണം. വിജ്ഞാനിക പലായനങ്ങൾ കൊണ്ടും കൈമാറ്റങ്ങൾ കൊണ്ടും ഇടപെടലുകളുണ്ടാക്കിയ ദിഷണാശാലികളായ പണ്ഡിതതേജസ്സുകളെ വിസ്മരിക്കാതെ അവരുടെ ജീവിതനിർമിതികളെ പൊതുയിടങ്ങളിൽ കൊണ്ട് വരാന് പുതിയകാലത്തെ പണ്ഡിതർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് ഇനിയും ഏറെ ശ്രമങ്ങള് നടക്കേണ്ടിയിരിക്കുന്നു.
അവലംബം :
*തുഹുഫത്തുൽ മുജാഹിദീൻ
*തുഹുഫത്തുൽ അഖ്യാ ർ ഫീ അഅ്യാനി മലേബാർ
*പൊന്നാനിയും മഖ്ദൂമും
*മലബാർ സഞ്ചാരം, ചരിത്രം
*കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം
*മലബാറിന്റെ ചരിത്രം – വില്യം ലോഗൻ